”ഞാന്‍ ഇപ്പോഴും പുതിയ ഭാര്യമാരെ തെരയുകയാണ്. എനിക്ക് ജപ്പാനിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള പിതാവാകണം.” ജപ്പാനില്‍ ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന 36 വയസ്സുള്ള ജപ്പാന്‍കാരന്‍ റ്യൂത വതനാബെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു. 2ഇയാള്‍ക്ക് നാലു ഭാര്യമാരും രണ്ടു പങ്കാളികളുമുണ്ട്.
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ പിതാവ് എന്ന റെക്കോര്‍ഡ് തകര്‍ക്കുകയും ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന പദവി നേടുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ജാപ്പനീസ് ടിവി ഷോയായ അബേമ പ്രൈമില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വടാനബെ പറഞ്ഞു. ”ഞാന്‍ സ്ത്രീകളെ സ്നേഹിക്കുന്നു. നമ്മള്‍ പരസ്പരം തുല്യമായി സ്‌നേഹിക്കുന്നിടത്തോളം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ജപ്പാനിലെ ഹൊക്കൈഡോയുടെ വടക്കന്‍ പ്രിഫെക്ചറിലാണ് 36 കാരനായ റ്യൂത വതനാബെ താമസിക്കുന്നത്.
പത്തു കുട്ടികളുള്ള ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത് രണ്ടു കുട്ടികള്‍ക്കും മൂന്ന് ഭാര്യമാര്‍ക്കുമൊപ്പമാണ്. അതിന് പുറമേ ഇയാള്‍ക്ക് രണ്ട് കാമുകിമാരുമുണ്ട്. നാലാം ഭാര്യയായ 24 കാരി പിണങ്ങിക്കഴിയുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഒരു ജോലിക്കും പോകാത്ത ഇയാള്‍ ഭാര്യമാരുടെയും കാമുകിമാരുടെയും ശമ്പളം കൊണ്ടാണ് ജീവിക്കുന്നത്. ഓരോ മാസവും ഏകദേശം 6,000 ഡോളര്‍ വരുന്ന വീട്ടുചെലവുകള്‍ അവന്റെ ഭാര്യമാരും കാമുകിമാരും ചേര്‍ന്ന് വിഭജിച്ച് വഹിക്കുന്നു. വീട്ടുജോലിയും പാചകവും കുട്ടികളുടെ പരിപാലനവും എല്ലാം അദ്ദേഹം നോക്കും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇയാള്‍ തന്റെ രണ്ട് കാമുകിമാരെ കണ്ടെത്തിയത്. ജാപ്പനീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടായതിന്റെ പേരില്‍ റെക്കോഡ് കയ്യാളുന്ന തോക്കുഗാവ ഇനാരിയുടെ റെക്കോഡ് തകര്‍ക്കലാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. രേഖകള്‍ പ്രകാരം, 1841-ല്‍ ഒരു ഷോഗണ്‍ ആയിരുന്ന തോക്കുഗാവ ഇനാരി തന്റെ ഭരണകാലത്ത് 27 വെപ്പാട്ടികളും 53 മക്കളുമായി കഴിഞ്ഞിരുന്നു.