Lifestyle

ഈ കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍, പിന്നീട് ആ ബന്ധത്തില്‍ കടിച്ച് തൂങ്ങരുത്!

പ്രണയമാവട്ടെ സൗഹൃദമാവട്ടെ അതില്‍ ഒരാള്‍ക്ക് ഈ ബന്ധം മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്. എന്നാല്‍ ബന്ധം തുടരാനായി താല്‍പര്യപ്പെടുന്നില്ലെന്ന് പങ്കാളിയോ സുഹൃത്തോ പെരുമാറ്റത്തിലൂടെ വ്യക്തമാക്കിയാലും ചിലര്‍ അത് തുടരാനായി താല്‍പര്യം കാണിക്കാറുണ്ട്. ഇനി പറയുന്ന സൂചനകള്‍ പെരുമാറ്റത്തില്‍ കണ്ടാല്‍ ബന്ധത്തില്‍ നിന്ന് ഇറങ്ങിപോരണമെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

നിങ്ങളോടുള്ള താല്‍പര്യക്കുറവിന്റെ കാര്യം ചിലപ്പോള്‍ പെരുമാറ്റത്തിലൂടെ അവര്‍ പ്രകടിപ്പിച്ചേക്കാം. പെട്ടെന്ന് സ്വഭാവം മാറ്റി കൊണ്ടിരിക്കും. ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം ഇത്തരത്തില്‍ വിചിത്രമായി പെരുമാറും. എങ്ങനെയും നിങ്ങളുടെ സാമിപ്യം ഒഴിവാകണമെന്നായിരിക്കും അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങളില്‍ നിന്ന് അകലുന്നതിന്റെ ഭാഗമായി മെസേജുകളുടെ ദൈര്‍ഘ്യം കുറയും. നിങ്ങള്‍ പഴയത് പോലെ മെസേജ് അയച്ചാലും ഒന്നോ രണ്ടോ വാക്കിലായിരിക്കും അവരുടെ മറുപടി. അല്ലെങ്കില്‍ ഇമോജികളിലൂടെ മറുപടി നല്‍കും.

പുറത്ത് പോകാനായി വിളിച്ചാലോ സംസാരിക്കാനായി വിളിച്ചാലോ ഒന്നും ഒപ്പം വരാനായി താല്‍പര്യം കാണിക്കില്ല. നിങ്ങളുമായി ചെലവഴിക്കുന്ന സമയം അവര്‍ മറ്റ് പല കാര്യങ്ങള്‍ക്കുമായി വിനിയോഗിക്കാന്‍ തീരുമാനിക്കുന്നു. സാവധാനം നിങ്ങള്‍ അയക്കുന്ന മെസേജുകള്‍ക്ക് മറുപടി നല്‍കാതെയാകുന്നു. സന്ദേശങ്ങള്‍ കണ്ടാലും അതിന് പ്രതികരിക്കാതെയിരിക്കും. ഇങ്ങനെ കണ്ട് തുടങ്ങിയാല്‍ പിന്നെ ആ ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകുന്നതാവും ഉചിതം.

സംസാരിക്കുമ്പോള്‍ സംഭാഷണത്തില്‍ താല്‍പര്യമില്ലാത്തത് പോലെ തണുത്ത രീതിയിലുള്ള പ്രതികരണം. ചിലപ്പോള്‍ ആവശ്യമില്ലാതെ ഒച്ചയുയര്‍ത്തി സംസാരിക്കും. ഇതെല്ലാം നിങ്ങളെ ആ ബന്ധത്തില്‍ നിന്ന് തള്ളിപുറത്താക്കാനാണെന്ന് മനസ്സിലാക്കുക.

ഈ പറഞ്ഞ രീതിയിലുള്ള പെരുമാറ്റം പങ്കാളിയില്‍ നിന്നോ സുഹൃത്തില്‍ നിന്നോ ഉണ്ടായാല്‍ അവരോട് ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. ചിലര്‍ ബന്ധം തുടരാനായി താല്‍പര്യമില്ലായെന്ന് തുറന്ന് പറയും മറ്റ് ചിലരാവട്ടെ നിശ്ശബദരാകും. ചിലര്‍ നിങ്ങളുടെ ചോദ്യത്തിനെ പാടേ അവഗണിച്ചെന്നും വരാം. പിന്നീട് ആ ബന്ധത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കാതെ മാന്യമായി ഇറങ്ങിപോരാനായി ശ്രമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *