ഓണമെന്നോര്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക് ഓര്‍മ്മ വരുന്നത് ഓണസദ്യയായിരിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ കാലം മാറിയപ്പോള്‍ ചൊല്ലും ഒന്ന് മാറി. കടല്‍ കടന്ന് മഞ്ഞുള്ള നാട്ടില്‍ എത്തിയാലും ഓണം ഉണ്ണണം എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. അതിനുള്ള തെളിവാണ് ഗൂഗിള്‍ സെര്‍ച്ചില്‍ തെളിഞ്ഞിരിക്കുന്നത്. 2024ല്‍ ലോകത്ത് രണ്ടാമതായി ഏറ്റവും അധികം ആളുകള്‍ ‘നിയര്‍ മി’ (എനിക്ക് ഏറ്റവും അടുത്ത്) അന്വേഷിച്ചത് ഓണസദ്യയ്ക്ക് വേണ്ടിയാണ്.
ഗൂഗിളില്‍ അധികം ആളുകള്‍ അന്വേഷിച്ച ഒന്നായി ഓണസദ്യ മാറി. മലയാളികള്‍ക്ക് ഓണവും ഓണസദ്യയും ഒരു വികാരം തന്നെയാണ്. അതിനി ഏത് നാട്ടില്‍ പോയാലും ഓണമാണെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഓണ സദ്യ കഴിക്കണം. ഓണസദ്യയ്ക്ക് വേണ്ടി ‘എനിക്ക് ഏറ്റവും അടുത്ത്’ (നിയര്‍ മി) അന്വേഷണങ്ങള്‍ കൂടാതെ, ‘ഓണസദ്യ ബെംഗളൂരു 2024’,. കേരള ഫുഡ് നിയര്‍ മി , ഓണം 2024 തുടങ്ങിയ തിരച്ചിലുകളും ഗൂഗളില്‍ ഇടം നേടി. കേരളത്തിലെ നഗരങ്ങളിലേയും മെട്രോപൊളിറ്റന്‍ നഗരങ്ങളിലെയും റസ്റ്റോറന്റുകള്‍ മലയാളികളുടെ ഓണസദ്യ ആവശ്യം ഭംഗിയായി തന്നെ നിര്‍വഹിച്ചു.
ഓണത്തിന് വാഴയില്‍ വെജിറ്റേറിയന്‍ വിഭവങ്ങളുമായി ഓണ സദ്യ വിളമ്പുന്നു. വടക്കന്‍ കേരളത്തില്‍ ചിലര്‍ ഓണസദ്യയ്ക്ക് മീനും വിളമ്പാറുണ്ട്. മലയാളികള്‍ സൗഹൃദവും സാഹോദര്യത്തോടെയും ഒത്തൊരുമയോടെയും ആഘോഷമാക്കി കൊണ്ടാടുന്ന ഉത്സവമാണ് ഓണം.