Hollywood

പണംവാരിചിത്രം ബാര്‍ബിയിലെ കാറിന്റെ നമ്പര്‍ ലേലത്തിന് ; വില കേട്ടാല്‍ കണ്ണുതള്ളും 10.5 കോടി രൂപ

ഹോളിവുഡിലെ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായ ബാര്‍ബിയില്‍ നായിക ‘ബാര്‍ബി’ ഉപയോഗിച്ച കാറിന്റെ നമ്പര്‍ ബ്രിട്ടനില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ റജിസ്‌ട്രേഷനാകാനൊരുങ്ങുന്നു. ”ബിഎആര്‍8ഐഇ” എന്ന ഏഴക്ക റജിസ്‌ട്രേഷന് വിലയിട്ടിരിക്കുന്നത് 10 ലക്ഷം പൗണ്ടാണ് (ഏകദേശം 10 കോടി 52 ലക്ഷം).

ചോദിക്കുന്ന വിലയ്ക്ക് വില്‍ക്കുകയാണെങ്കില്‍ ബ്രിട്ടനില്‍ അത് ചരിത്രമാകും. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത് മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും അഭിനയിച്ച ബാര്‍ബി ചിത്രത്തിന് ശേഷമാണ് ‘ബാര്‍ബി’ എന്നു തന്നെ അക്ഷരങ്ങള്‍ വരുന്ന റജിസ്‌ട്രേഷന്‍ നമ്പറും ശ്രദ്ധേയമായത്. 2023-ല്‍ ലോകം ഏറ്റെടുത്ത സിനിമ മറ്റേതൊരു ചിത്രത്തേക്കാളും കൂടുതല്‍ വരുമാനം നേടിയിരുന്നു.

സ്വകാര്യ നമ്പര്‍ പ്ലേറ്റ് 1,048,125 പൗണ്ടില്‍ കൂടുതല്‍ ആവശ്യപ്പെടുന്ന വിലയ്ക്ക് അബ്സല്യൂട്ട് റെഗ് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തു, 1967 ജനുവരി 1 ന് ശേഷം രജിസ്റ്റര്‍ ചെയ്ത ഏത് വാഹനങ്ങളിലും ഇത് സാധുതയുള്ളതാണെന്നാണ് ബ്രിട്ടനിലെ വാഹന റജിസ്‌ട്രേഷന്‍ വിഭാഗം പറയുന്നത്. വാങ്ങുന്നയാള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നമ്പര്‍ പ്ലേറ്റ് വാങ്ങാന്‍ കഴിയും. 1959-ല്‍ ന്യൂയോര്‍ക്ക് കളിപ്പാട്ട മേളയില്‍ അരങ്ങേറിയതു മുതല്‍ 15-ലധികം വാഹനങ്ങള്‍ ബാര്‍ബി ഫാഷന്‍ ഡോള്‍ സ്വന്തമാക്കിയിട്ടുണ്ട്.