തിരുവനന്തപുരം; നടിയെ അതിക്രമിച്ച കേസിലെ വിധിക്കു പിന്നാലെ മഞ്‌ജുവിന്റെ പേര് ദിലീപ് പറഞ്ഞതില്‍ ഭയമുണ്ടെന്നും മഞ്‌ജുവിനോട് എതിരാളി ശക്‌തനെന്നും കരുതിയിരിക്കണമെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നു ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. രാഷ്‌ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്. സൂപ്പര്‍ സ്‌റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്‌മി കുറ്റപ്പെടുത്തി.
ഫെഫ്‌കയില്‍നിന്ന് ഔദ്യോഗികമായി രാജിവച്ച കാര്യം അറിയിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. അവള്‍ക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണ്. അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഒരു ബന്ധു തിരിച്ചുവരുന്നതു പോലെയാണ് സിനിമ മേഖലയിലെ ആളുകള്‍ പെരുമാറിയത്. വിധി വന്നശേഷം അവളുറങ്ങിയില്ല, താനും ഉറങ്ങിയില്ല.
അമ്മ അവള്‍ക്കു വേണ്ടി യോഗം ചേര്‍ന്നില്ല. പക്ഷേ, വിധി വന്ന ദിവസം അടിയന്തര യോഗം ചേര്‍ന്നു. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ച് നില്‍ക്കാനാവും? സംഘടനയില്‍നിന്ന് തന്നെ ആരും വിളിച്ചില്ല. വിധി ഇങ്ങനെ ആകാന്‍ കാരണം എന്താണെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. മെമ്മറി കാര്‍ഡ് രാത്രി ഇരുന്ന് കണ്ടിട്ടുണ്ട്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറ് മാറിയിട്ടുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇതില്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങളുണ്ട് നിന്റെ കൂടെ എന്ന് പോലും സംഘടനയിലെ ആരും പറഞ്ഞില്ല. അമ്മയില്‍ സ്‌ത്രീകള്‍ തലപ്പത്തിരുന്നതുകൊണ്ട് കാര്യമില്ലെന്നു മനസിലായി. അയാള്‍ക്കൊപ്പം തന്നെയെന്ന് പറയാതെ പറയുന്നു. അതിജീവിതയോട് ഫെഫ്‌ക സംസാരിക്കുക പോലും ചെയ്‌തില്ലെന്നും ഭാഗ്യലക്ഷ്‌മി വിമര്‍ശിച്ചു.




