Celebrity

‘നോ പറയാൻ ഞാൻ ഇപ്പോഴാണ് പഠിച്ചത്…” ഗ്രേസ് ആന്റണി

മലയാള സിനിമയിൽ യുവതാരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ്. അതിൽ പ്രേക്ഷകർ സ്വീകരിച്ചവരും ഒഴിവാക്കിയവരും അനവധിയാണ്. അക്കൂട്ടത്തിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടുന്നത്. പിന്നീട് നായികയായും സഹനടിയുമായുമെല്ലാം താരം കൈയ്യടി നേടി. വളരെ ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ചെറിയ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള റോളുകളിലൂടെയാണ് താരം നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ സിനിമ കഴിയുംതോറും താരമൂല്യം വര്‍ധിച്ച്‌ വരുന്ന ഗ്രേസ് പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ വേറിട്ട ചിന്താഗതിയുള്ള ആളാണ്. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരത്തിന്റെ പുതിയ സിനിമയായ വിവേകാനന്ദന്‍ വൈറലാണ് റിലീസ് ചെയ്തിരിക്കുകയാണ്. കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിക്കുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് താരം. ഇപ്പോഴിതാ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ തനിക്ക് ഇണങ്ങില്ല എന്നുള്ളപ്പോൾ നോ പറയാൻ മുൻപ് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം.”നോ പറയാനാണ് എനിക്കറ്റവും പ്രയാസം. അത് പറയാനിപ്പോൾ കുറച്ചു കൂടി പഠിച്ചിരിക്കുന്നു. നമ്മൾ സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിക്കുന്ന സംവിധായകർ സ്ക്രിപ്റ്റുമായി നമ്മുടെ അടുത്തു വരുമ്പോൾ എങ്ങനെ നോ പറയും. ചിലപ്പോൾ ആ സ്ക്രിപ്റ്റ് നമുക്ക് വർക്ക്‌ ആവില്ല. പക്ഷേ എങ്ങനെ ആദ്യം നോ പറയും. എന്നാലും നോ പറഞ്ഞേ പറ്റൂ. ഒരു സംവിധായകനെ മാത്രം കണ്ടിട്ട് സിനിമ ചൂസ് ചെയ്തിട്ട് നമുക്ക് കാര്യമില്ലല്ലോ. അങ്ങനെ ചില സന്ദർഭങ്ങളിൽ ഒക്കെ പെട്ടു പോയിട്ടുണ്ട്. പക്ഷേ പറയാതെ നിവർത്തിയില്ലല്ലോ… ” ഗ്രേസ് ആന്റണി പറയുന്നു.