Crime

‘താൻ മാതാപിതാക്കളെ കൊല്ലുകയാണെന്ന് അവർക്ക് അറിയാമായിരുന്നു’; ടിവി അഭിമുഖത്തില്‍ മാതാപിതാക്കളെ കൊന്നതായി വെളിപ്പെടുത്തൽ- വീഡിയോ

തന്റെ മാതാപിതാക്കളെ താന്‍തന്നെ കൊലപ്പെടുത്തിയെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ മകന്റെ കുറ്റസമ്മതം. 53 വയസ്സുള്ള ലോറൻസ് ക്രൗസ് ക്യാമറയ്ക്ക് മുന്നിൽ വെച്ച് നടത്തിയ ഞെട്ടിക്കുന്ന കുറ്റസമ്മതത്തിൽ, താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഏകദേശം എട്ട് വർഷം മുമ്പ് ന്യൂയോർക്കിലെ തങ്ങളുടെ വീടിന്റെ പുറകുവശത്തെ മുറ്റത്ത് കുഴിച്ചിട്ടതായി അവകാശപ്പെട്ടു. ന്യൂയോർക്കിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവംത്.

ആൽബനിയിലെ വീട്ടിൽ നിന്ന് പോലീസ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസമാണ് ക്രൗസ് ടെലിവിഷനിൽ ഈ കുറ്റസമ്മതം നടത്തിയത്. ക്രൗസിന്റെ മാതാപിതാക്കളായ ഫ്രാൻസ് ക്രൗസിനെയും തെരേസിയ ക്രൗസിനെയും വർഷങ്ങളായി കാണാതിരുന്നിട്ടും അവർക്ക് സോഷ്യൽ സെക്യൂരിറ്റി പേയ്‌മെൻ്റുകൾ ലഭിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

സിബിഎസ്6-ന് നൽകിയ അഭിമുഖത്തിൽ, തന്റെ പ്രായമായ മാതാപിതാക്കൾക്ക് വേണ്ടിയുള്ള കരുണയുടെ കൊലപാതകമായിട്ടാണ് ക്രൗസ് ഈ കൊലപാതകങ്ങളെ വിശേഷിപ്പിച്ചത്. താൻ മാതാപിതാക്കളെ കൊല്ലുകയാണെന്ന് അവർക്ക് അറിയാമായിരുന്നോ എന്ന ന്യൂസ് ആങ്കർ ഗ്രെഗ് ഫ്ലോയിഡിന്റെ ചോദ്യത്തിന് പ്രതി അതെ എന്ന് മറുപടി നൽകി.

അഭിമുഖത്തിൽ, 2017-ൽ താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയതായി ലോറൻസ് ക്രൗസ് സമ്മതിച്ചു. പോലീസ് കുടുംബത്തിന്റെ വീട്ടുമുറ്റത്ത് നിന്ന് അവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. പൊതുജനം സ്വയം വിധി പറയട്ടെ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ക്രൗസ് പറഞ്ഞു.

ആദ്യമൊക്കെ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കാൻ ക്രൗസ് മടിച്ചു. എന്നാല്‍, അഭിമുഖം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്ക് ശേഷം ക്രൗസ് തന്റെ കുറ്റം ഏറ്റുപറഞ്ഞു. തന്റെ മാതാപിതാക്കൾ “അവരുടെ നില മോശമാവുകയാണെന്ന്” അറിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ എന്റെ മാതാപിതാക്കളോടുള്ള കടമ നിർവഹിച്ചു,” അഭിമുഖത്തിൽ ക്രൗസ് പറഞ്ഞതായി എ.പി. ഉദ്ധരിച്ചു.

“അവരുടെ ദുരിതത്തെക്കുറിച്ചുള്ള എന്റെ ആശങ്ക വളരെ വലുതായിരുന്നു, റോഡ് മുറിച്ചുകടക്കുന്നതിനിടെ വീണ് അമ്മയ്ക്ക് അടുത്തിടെ പരിക്ക് പറ്റിയിരുന്നുവെന്നും, കാറ്ററാക്ട് ശസ്ത്രക്രിയയ്ക്ക് ശേഷം അച്ഛന് വണ്ടി ഓടിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും 53 വയസ്സുകാരനായ പ്രതി തുടർന്ന് പറഞ്ഞു.

ടെലിവിഷൻ സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ക്രൗസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ രണ്ട് കൊലപാതകക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന കോടതി നടപടികൾക്കിടെ പബ്ലിക് ഡിഫൻഡർ കുറ്റം നിഷേധിച്ചുള്ള അപേക്ഷ ഫയൽ ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, വാദം കേൾക്കുന്നതിനിടെ പ്രതി സംസാരിച്ചില്ല.