Lifestyle

‘ഞാൻ മുസ്ലീമാണ്… പക്ഷേ എനിക്ക് കോസ്മിക് ഓറഞ്ച് നിറം ഇഷ്ടമാണ്’: പുതിയ ഐഫോൺ 17-മായി യുവാവ്- വീഡിയോ വൈറല്‍

ഡൽഹി: ഐഫോൺ 17 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഡൽഹി, മുംബൈ, പുനെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഔദ്യോഗിക ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ആളുകൾ നീണ്ട നിരയാണ്. പഴയ ഐഫോണുകൾ മാറ്റി പുതിയ സീരീസ് വാങ്ങാൻ ആളുകൾ തടിച്ചുകൂടി. ചിലർ ആദ്യമായി ഐഫോൺ ഉപയോക്താക്കളുടെ ‘എലൈറ്റ് കമ്മ്യൂണിറ്റി’യിലേക്ക് എത്തുന്നു. ഐഫോൺ 17 വാങ്ങിയ ആദ്യ ഉപഭോക്താക്കളിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫോണിന്റെ ‘കോസ്മിക് ഓറഞ്ച്’ നിറത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് ഈ വീഡിയോ.

ഐഫോൺ 17 വാങ്ങിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിൽ, ഫോണിന്റെ കോസ്മിക് ഓറഞ്ച് നിറം അതിശയിപ്പിക്കുന്നതും മനോഹരവുമാണെന്ന് അദ്ദേഹം പറഞ്ഞു. “പ്രത്യേകിച്ച് ഈ ഓറഞ്ച് നിറത്തിന് ഇത്തവണ കൂടുതൽ പ്രിയമുണ്ടാകും. കാരണം ഇന്ത്യയിൽ ഓറഞ്ച് നിറത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഞാൻ ഒരു മുസ്ലീമാണ്, പക്ഷേ എനിക്ക് ഈ നിറം വളരെ ഇഷ്ടമാണ്” എന്നും പറഞ്ഞ് അദ്ദേഹം ഫോണിൽ ചുംബിച്ചു.

പിടിഐ ആണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചത്. നാലു മില്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഡൽഹിയിലെ സാകേതിലുള്ള ഔദ്യോഗിക ആപ്പിൾ സ്റ്റോറിൽ നിന്ന് ഐഫോൺ 17 വാങ്ങിയ ആദ്യ ഉപഭോക്താക്കളിൽ ഒരാളാണ് ഈ വ്യക്തി. ഫോൺ വാങ്ങാൻ അതിരാവിലെ മുതൽ ക്യൂവിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 സീരീസ് ഇപ്പോൾ ഇന്ത്യയിലുടനീളം വാങ്ങാൻ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഐഫോൺ സീരീസ് ലഭ്യമാണ്. ഉപയോക്താക്കൾക്ക് ആപ്പിൾ സ്റ്റോർ ഇന്ത്യയിൽ നിന്നും അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും നേരിട്ടും വാങ്ങാം.

ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റും സെപ്റ്റോയും ഐഫോൺ 17 ലഭ്യമാക്കുന്നുണ്ട്. തിരഞ്ഞെടുത്ത നഗരങ്ങളിൽ 10 മിനിറ്റിനുള്ളിൽ ഫോൺ ഡെലിവറി ചെയ്യുമെന്നും ഇവർ അറിയിച്ചു. ആമസോൺ ഇന്ത്യയും ഫ്ലിപ്കാർട്ടും ആകർഷകമായ ഓഫറുകളും ഇഎംഐ ഓപ്ഷനുകളും നൽകുന്നുണ്ട്. പ്രധാന നഗരങ്ങളിൽ 2-3 ദിവസത്തിനുള്ളിൽ ഡെലിവറി ലഭിക്കും.