Celebrity

സാനിയ മിര്‍സയും ഷുഐബ് മാലിക്കും വേര്‍പിരിഞ്ഞോ? ടെന്നീസ് താരത്തിന്റെ കുറിപ്പ്

ടെന്നീസ് താരം സാനിയ മിര്‍സയുടെയും ഷുഐബ് മാലിക്കിന്റെയും വിവാഹമോചന വാര്‍ത്തകള്‍ ഏറെ നാളായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ദമ്പതികള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല താനും. എന്നാല്‍ ഇതിനകം ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വരെ സംസാരമുണ്ട്.

അടുത്തിടെ സാനിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്ത ഒരു നിഗൂഢമായ കുറിപ്പ് വളരെയധികം ശ്രദ്ധ നേടി. ‘അവള്‍ എല്ലായ്‌പ്പോഴും സുഖമായിരിക്കും, അവള്‍ അവളുടേതായിരിക്കണം. അവള്‍ വീണാലും തകര്‍ന്നാലും തീര്‍ച്ചയായും അവള്‍ എല്ലാം ചെയ്തുകൊണ്ടേയിരിക്കും. കാരണം തനിക്കും തന്റെ മക്കള്‍ക്കും വേണ്ടി അവള്‍ ഒന്നിനാലും പരാജയപ്പെടാന്‍ അവള്‍ സമ്മതിക്കുകയില്ല.’ ‘ശക്തയും സ്വതന്ത്രയുമായ ഓരോ സ്ത്രീക്കും പിന്നില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാന്‍ പഠിക്കേണ്ടി വന്ന ഒരു കൊച്ചു പെണ്‍കുട്ടിയുണ്ട്’ എന്ന മറ്റൊരു നിഗൂഢ ഉദ്ധരണിയും കഴിഞ്ഞയാഴ്ച സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതെല്ലാം സാനിയയും ഷൊയബും തമ്മിലുള്ള വേര്‍പിരിയലിനെകുറിച്ച് എഴുതിയ കുറിപ്പാണോ എന്ന തരത്തില്‍ സംശയം ഉയര്‍ത്തുകയാണ്.

അതേസമയം, മകന്‍ ഇസാന്റെ ജന്മദിനാഘോഷത്തിനായി സാനിയയും ഷൊയ്ബും അടുത്തിടെ ഒത്തുചേര്‍ന്നു. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുകയും ചെയ്തിരുന്നു. അതില്‍ അദ്ദേഹം മകനെ പിടിച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നതും സാനിയ പശ്ചാത്തലത്തില്‍ നില്‍ക്കുന്നതും കാണാം. ‘ഹാപ്പി ബര്‍ത്ത്‌ഡേ ബീറ്റാ… ബാബ നിങ്ങളെ സ്‌നേഹിക്കുന്നു’, തുടര്‍ന്ന് ചുവന്ന ഹൃദയ ഇമോജി. 2010ലാണ് സാനിയ മിര്‍സയും ഷുഐബ് മാലിക്കും വിവാഹിതരായത്.