Crime

നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോണ്‍ക്രീറ്റ് ചെയ്തു; ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോണ്‍ക്രീറ്റ് ചെയ്ത ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്. ഹൈദരാബാദ് നഗരത്തെ നടുക്കിയ നടി അപ്സര കൊലക്കേസിലാണ് കാമുകനായിരുന്ന വെങ്കട്ട സായികൃഷ്ണയ്ക്കു കോടതി ശിക്ഷ വിധിച്ചത്. 2023 ജൂണിലാണ് തെലുഗു സീരിയല്‍ നടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്.

നിത്യവും തൊഴാനെത്തുന്ന ഉത്തമ വിശ്വാസിയെ പ്രണയം നടിച്ചു വശത്താക്കുക. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊല്ലുക. മരുമകളായ നടിയെ കാണാനില്ലെന്നു പൊലീസിനു വ്യാജ പരാതി നല്‍കുക. ഹൈദരാബാദിനെ ആകെ നടുക്കിയ കൊലപാതകമായിരുന്നു തെലുഗു സീരിയല്‍ നടിയായ അപ്സരയുടേത്. വെങ്കട്ട സായികൃഷ്ണ പൂജാരിയായിരുന്ന ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായിരുന്നു അപ്സര. പരിചയം പതുക്കെ പ്രണയത്തിലേക്കു വഴുതിമാറി. വിവാഹിതനായിരുന്ന വെങ്കിട് ഇക്കാര്യം മറച്ചുവച്ചാണു അപ്സരയുമായി അടുത്തത്.

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 2023 ജൂണ്‍ മൂന്നിനു കാറില്‍ കൂട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. മൃതദേഹം മടക്കിയൊതുക്കി കാറിന്റെ ഡിക്കിയിലാക്കിയ ശേഷം ഇയാള്‍ ഹൈദരബാദിലെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് വീടിനു സമീപമുള്ള മാന്‍ഹോളില്‍ തള്ളി. ഇതിനു മുകളില്‍ മണ്ണ് നിറച്ചതിനുശേഷം കോണ്‍ക്രീറ്റിട്ട് അടച്ചു.

തുടര്‍ന്ന് അപ്സരയെ കാണാനില്ലെന്നു പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണു പരാതിക്കാരനാണു കൊലയാളിയെന്നു തിരിച്ചറിഞ്ഞത്. ജീവപര്യന്തം തടവിനു പുറമെ തട്ടിക്കൊണ്ടുപോകലിന് ഏഴുവര്‍ഷം തടവും അനുഭവിക്കണം. പത്തുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *