യാത്രക്കാരുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തരവിമാനത്താവള(ആര്‍.ജി.ഐ.എ)ത്തില്‍ നായകളുടെ സേവനം.
യാത്രക്കാരുടെ ഉത്കണ്ഠ കുറയ്ക്കുകയും കൂടുതല്‍ സുഖകരമായ യാത്രാനുഭവം നല്‍കുകയുമാണു ലക്ഷ്യം. രണ്ട നായകളെ ദിവസേന ദേശീയ, രാജ്യാന്തര യാത്രാ വിഭാഗങ്ങളിലെ പ്രധാന യാത്രാ സ്ഥലങ്ങളില്‍ വിന്യസിക്കും.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം, റീട്ടെയില്‍ മേഖലകളിലും ബോര്‍ഡിങ് ഗേറ്റുകളിലും യാത്രക്കാര്‍ക്ക് അവരെ കാണാം. ദിവസത്തില്‍ 4 മുതല്‍ 6 മണിക്കൂര്‍ വരെ അവ ജോലി ചെയ്യും. സര്‍ട്ടിഫൈഡ് ഹാന്‍ഡിലര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും നായകള്‍. കോവിഡ് മഹാമാരിക്ക് ശേഷം യാത്രകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചപ്പോള്‍ തിരക്കും ആരോഗ്യ ആശങ്കകളും സംബന്ധിച്ച് ഉത്കണ്ഠ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണു ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ വൈകാരിക പിന്തുണയ്ക്കു പ്രാധാന്യമേറിയത്.
അത്തരമൊരു നീക്കത്തിന്റെ ഭാഗമാണു നായകളുടെ ദൗത്യം. തെറാപ്പി നായകള്‍ക്ക് വൈകാരിക ആശ്വാസം നല്‍കാനും കോര്‍ട്ടിസോള്‍ പോലുള്ള സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്ക്കാനും സെറോടോണിന്‍ അളവ് വര്‍ധിപ്പിക്കാനും കഴിയുമെന്നാണു ഗവേഷകര്‍ പറയുന്നത്. ശാന്തനായ നായയെ അല്‍പ്പനേരം തലോടുന്നത് പിരിമുറുക്കം കുറയ്ക്കും.
വിശേഷിച്ച് ഉത്കണ്ഠയുള്ള യാത്രക്കാര്‍ക്ക്. മായോ ക്ലിനിക്, അമേരിക്കന്‍ കെന്നല്‍ ക്ലബ് എന്നിവ പോലുള്ള സ്ഥാപനങ്ങളുടെ പഠനങ്ങള്‍ അനുസരിച്ച്, ചികിത്സാ മൃഗങ്ങളുമായി സമയം ചെലവഴിക്കുന്നത് സമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍ കാര്യമായി കുറയ്ക്കും. ഒരു നായയെ 5 മുതല്‍ 10 മിനിറ്റ് വരെ തലോടുന്നത് രക്തസമ്മര്‍ദം കുറയ്ക്കുകയും ഉത്കണ്ഠാ നില കുറയ്ക്കുകയും ചെയ്യുമെന്ന് കാണിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങളോടെ മാത്രമേ നായകളുമായുള്ള ഇടപെടല്‍ അനുവദിക്കൂ. അവയ്ക്കു ഭക്ഷണം നല്‍കാന്‍ യാത്രക്കാര്‍ക്ക് അനുവാദമില്ല. അവയെ എടുക്കാനും പാടില്ല. നായയ്ക്ക് എടുക്കാന്‍ ചെറിയൊരു കളിപ്പാട്ടം മൃദുവായി എറിയുക, അവയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുക എന്നിവ അനുവദനീയമാണ്.




