Crime

കൊന്ന ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിനു ശേഷം

നോര്‍ത്ത് യോര്‍ക്ഷറില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടേതാണെന്ന് പോലീസ് സംശയിക്കുന്നു. ഭര്‍ത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദ എന്ന 25 കാരിയുടെ മൃതദേഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.

2013 ജൂണില്‍ റാനിയ സല്‍ഫോര്‍ഡിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഭര്‍ത്താവ് അഹമ്മദ് അല്‍ ഖത്തീബ് റാനിയയെ കൊലപ്പെടുത്തിയത്. അന്ന് അന്വേഷണ സംഘം അറിയിച്ചത് ദുരഭിമാന കൊലയാണിതെന്നാണ്.റാനിയ തന്നെ ഉപേക്ഷിക്കാനായി തീരുമാനിച്ചതില്‍ ഖത്തീബിന് ദേഷ്യം തോന്നുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കൃത്യം നടത്തിയതിന് ശേഷം റാനിയ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബാംഗങ്ങളെയും കൂട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനായി ഖത്തീബ് അവരുടെ വസ്ത്രങ്ങള്‍ ധരിച്ച് നടന്നുവെന്ന് കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചിരുന്നു.

റാനിയയുടെ ശരീരം യോര്‍ക്ഷറിലേക്ക് കൊണ്ടുപോയി കുഴിച്ചിട്ടതായിയാണ് അന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വര്‍ഷങ്ങളായി ഒരുപാട് തിരച്ചിലുകള്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് തിങ്കളാഴ്ച തിര്‍സ്‌കില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക തിരച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതേയുള്ളു. എന്നാല്‍ നിലവില്‍ മൃതദേഹം റാനിയയുടേതാണെന്ന് പോലീസ് വിലയിരുത്തുന്നതെന്ന് വക്താവ് അറിയിച്ചു.

പലസ്തീനില്‍ നിന്നുള്ള റാനിയ സിറിയയില്‍ നിന്നാണ് ഖത്തീബിനോടൊപ്പെ യു കെയിലേക്ക് താമസം മാറിയത്. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലാണ് ഖത്തീബിനെ ഉപേക്ഷിച്ച് തനിക്കും 3 കുട്ടികള്‍ക്കും നല്ല ജീവിതം കെട്ടിപ്പടുക്കാനായി റാനിയ ശ്രമിച്ചത്. എന്നാല്‍ ദേഷ്യം തോന്നിയ ഭര്‍ത്താവ് അവരെ കൊലപ്പെടുത്തി. റാനിയ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിപ്പിക്കാനായി അവരുടെ ശിരോവസ്ത്രവും ജീന്‍സും ഖത്തീബ് ധരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവരുകയായിരുന്നു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഖത്തീബിനെ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *