തന്റെ യുവത്വം നിലനിര്‍ത്താന്‍ മകനില്‍ നിന്ന് രക്തം സ്വീകരിയ്ക്കാന്‍ ഒരുങ്ങുന്ന അമ്മയുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. പ്രായമാകുന്നത് തടയുന്നതിനായി ഇരുപത്തിമൂന്നുകാരനായ തന്റെ മകന്റെ രക്തം ശരീരത്തില്‍ കയറ്റാനാണ് ലോസാഞ്ചലസ് സ്വദേശിയായ മര്‍സല ഇഗ്ലേഷ്യ എന്ന 47കാരി തയ്യാറെടുക്കുന്നത്. ‘മനുഷ്യ ബാര്‍ബി’ എന്നാണ് മര്‍സല സ്വയം വിശേഷിപ്പിക്കുന്നത്.
99,000 യുഎസ് ഡോളര്‍ ഇതുവരെ മാര്‍സല വിവിധ സൗന്ദര്യവര്‍ധക ചികിത്സകള്‍ക്കായി ചെലവഴിച്ചു എന്നാണ് കണക്കുകള്‍. ദിവസവും എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും മാര്‍സല ഉറങ്ങും. ഒരുമണിക്കൂര്‍ വ്യായാമം ചെയ്യും. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍, മദ്യം, മാംസം തുടങ്ങിയവ മര്‍സല കഴിക്കില്ല. ഈ ചിട്ടകള്‍ക്ക് പിന്നാലെയാണ് മകനില്‍ നിന്ന് രക്തവും സ്വീകരിയ്ക്കാന്‍ യുവതി തയ്യാറെടുക്കുന്നത്. മകന് ഇക്കാര്യത്തിനു പൂര്‍ണ സമ്മതമാണെന്നും അവര്‍ വ്യക്തമാക്കി. തന്റെ മുത്തശ്ശിക്കും ഇത്തരത്തില്‍ രക്തം ദാനം ചെയ്യാന്‍ അവന്‍ തയാറാണെന്നും മര്‍സല പറയുന്നു.
‘രക്തം മാറ്റുന്നത് യുവത്വമുള്ള കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനു സഹായിക്കും. നിങ്ങളുടെ മകന്റെയോ മകളുടേയോ ആണെങ്കില്‍ അത് കൂടുതല്‍ ഫലപ്രദമാണ്. പ്രായം കുറഞ്ഞ ഒരാളില്‍ നിന്ന് കോശങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഒരുപാട് ഗുണങ്ങളുണ്ട്. ” – മര്‍സല പറയുന്നു. കോശങ്ങള്‍ മാറ്റി വയ്ക്കുന്ന ചികില്‍സയ്ക്ക് പിന്നാലെയാണ് രക്തം മാറ്റി വച്ച് സൗന്ദര്യം വര്‍ധിപ്പിക്കുന്ന രീതി പരീക്ഷിക്കാന്‍ താന്‍ തയാറായതെന്നും അവര്‍ വെളിപ്പെടുത്തി.
രക്തം പൂര്‍ണമായും മാറ്റുന്നതോടെ ശരീരത്തില്‍ പുതിയ ചുവന്ന രക്താണുക്കള്‍ ഉണ്ടാകും. ഇതിന്റെ ഫലമായി ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിക്കും. പ്ലാസ്മ ശരീരത്തിനാവശ്യമായ പ്രോട്ടീനും രക്തം കട്ടപിടിക്കാനും സഹായിക്കും. ഇതിലൂടെ രക്തസ്രാവം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും മാര്‍സല വിശദീകരിക്കുന്നു. അതേസമയം ഇത്തരത്തിലുള്ള ചികിത്സ നടത്തുന്നതിലൂടെ ഭാവിയില്‍ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.