ദാമോ: മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ വിദ്യാഭ്യാസതട്ടിപ്പുകളില്‍ ഒന്നില്‍ ഇരട്ടസഹോദരിമാര്‍ ഒരേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുത്തത് രണ്ട് അദ്ധ്യാപകജോലി. 18 വര്‍ഷമായി രണ്ടുപേരും സര്‍ക്കാര്‍സ്‌കൂളില്‍ ജോലിചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 18 വര്‍ഷമായി അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന ഇവരില്‍ ഒരാളെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ മറ്റേയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ദീപേന്ദ്ര സോണിയുടെ ഭാര്യ രശ്മി എന്ന സഹോദരിമാരില്‍ ഒരാളെയാണ് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിജയ് സോണിയുടെ ഭാര്യ രശ്മിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഓരോ സഹോദരിയും അവരുടെ തട്ടിപ്പ് കാലയളവില്‍ 80 ലക്ഷത്തിലധികം രൂപ സമ്പാദിച്ചു. ഇരുവരും ചേര്‍ന്ന് മൊത്തം 1.6 കോടി രൂപയാണ് തട്ടിയെടുത്തത്. അടുത്തിടെ രണ്ടുപേരും ഒരേ സ്‌കൂളിലേക്ക് ജോലിമാറ്റത്തിന് അപേക്ഷിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാഭ്യാസ വകുപ്പിന്റെ സംശയം കൂറ്റന്‍ തട്ടിപ്പ് കണ്ടെത്തുന്നതിലേക്ക് നീങ്ങുകയായിരുന്നു.
ഒരാള്‍ ഒറിജിനല്‍ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചപ്പോള്‍ മറ്റേയാള്‍ വ്യാജ പകര്‍പ്പാണ് സമര്‍പ്പിച്ചതെന്ന് ദാമോ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ് കെ നേമം പറഞ്ഞു. അതേസമയം ദാമോയില്‍ 19 വ്യാജ അധ്യാപകര്‍, പിരിച്ചുവിട്ടത് 3 പേര്‍ മാത്രമാണ്. ഈ 19 അധ്യാപകരെയും നിയമിച്ചത് വ്യാജമോ സംശയാസ്പദമോ ആയ രേഖകളുടെ അടിസ്ഥാനത്തിലാണ് എന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.
വിദ്യാഭ്യാസ തട്ടിപ്പ് മദ്ധ്യപ്രദേശില്‍ വ്യാപകമായി നടക്കുന്നുണ്ട്് ഇതുവരെ വ്യാജരേഖയുമായി 19 അദ്ധ്യാപകരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും മൂന്ന് പേര്‍ക്കെതിരേ മാത്രമാണ് നടപടിയെടുത്തിട്ടുള്ളത്. ഈ 19 അധ്യാപകരും ഒന്നിച്ച് 22.93 കോടിയിലധികം രൂപയാണ് ശമ്പളയിനത്തില്‍ വര്‍ഷങ്ങളായി നേടിയെടുത്തത്. മറ്റൊരു ഞെട്ടിക്കുന്ന കേസില്‍ നീലം തിവാരിയും ആശാ മിശ്രയും ഒരേ കുടുംബത്തിലെ സഹോദരങ്ങളെ വിവാഹം കഴിച്ച ഇരട്ടകളാണ്. ഇവര്‍ വ്യാജ ഡി.എഡ് സര്‍ട്ടിഫിക്കറ്റുമായി മെയിന്‍വാറിലെയും ഗധോല ഖണ്ഡേയിലെയും സ്‌കൂളുകളില്‍ ജോലി ചെയ്തുവരുന്നു.