Health

ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗങ്ങളെ എങ്ങനെ മനസ്സിലാക്കാം? ഈ പരിശോധനകള്‍ ജീവന്‍ രക്ഷിക്കും

ചില രോഗങ്ങളെങ്കിലും ജീവിതത്തിലേക്ക് കടന്നുവരുക ഒരു ലക്ഷണവും കാണിക്കാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവന്‍ തന്നെ ഭീഷണിയുമാകും. എങ്ങനെ അപ്പോള്‍ അത്തരത്തിലുള്ള രോഗങ്ങളെ തിരിച്ചറിയാം.

മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തി പല്ലിന്റെ കേടുപാടുകള്‍ പരിഹരിക്കണം.

40-45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടക്കത്തിലെ കണ്ടെത്താം.പ്രമേഹ രോഗികള്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കണം. കംപ്യൂട്ടര്‍ പ്രഫഷണലുകള്‍ വര്‍ഷാവര്‍ഷം കണ്ണ് പരിശോധിച്ചാല്‍ ഡ്രൈ ഐ, ഹ്രസ്വദൃഷ്ടി പോലുള്ളവ കണ്ടെത്താനായി സാധിക്കും.

മദ്യപിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ കരള്‍ പ്രവര്‍ത്തനം പരിശോധിക്കണം. 60 വയസ്സിന് ശേഷം എല്ലാവരും വര്‍ഷം തോറും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്തുക. ബിപിയുള്ളവരും പ്രമേഹമരുന്ന് കഴിക്കുന്നവരും വര്‍ഷം തോറും ക്രിയാറ്റിനിന്‍ നോക്കണം.

60തിന് ശേഷം പുരുഷന്മാര്‍ പ്രോസ്റ്റേറ്റ് രോഗം കണ്ടെത്താനുള്ള പിഎസ്എ ടെസ്റ്റ് വര്‍ഷത്തിലൊരിക്കല്‍ ചെയ്യണം. വീട്ടിലാര്‍ക്കെങ്കിലും പ്രോസ്റ്റേറ്റ് അര്‍ബുദം ഉണ്ടെങ്കില്‍ 50 വയസ്സിന് ശേഷമേ പരിശോധിക്കാം.

20 വയസ്സ് മുതല്‍ ഒരോ മാസവും സ്വയമേ സ്തന പരിശോധന നടത്തുക, മുഴകളോ കല്ലിപ്പോ നിറം മാറ്റമോ , മുലക്കണ്ണ് അകത്തേക്ക് വലിക്കുന്നുണ്ടോ, സ്രവങ്ങളുണ്ടോയെന്ന് നോക്കുക.