പച്ചക്കറികളും പഴങ്ങളും മുറിക്കാനായി നോക്കുമ്പോഴായിരിക്കും വീട്ടിലെ കത്തിക്ക് മൂര്‍ച്ച പോരെന്ന് മനസിലാകുന്നത്. പണ്ടൊക്കെ അമ്മിക്കല്ലില്‍ ഇട്ട് ഉരച്ചാണ് കത്തിക്ക് മൂര്‍ച്ച കൂട്ടിയിരുന്നത്.എന്നാല്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുണ്ടാക്കുന്ന കത്തികള്‍ക്ക് ഇങ്ങനെ മൂര്‍ച്ച കുടില്ല. കത്തി നന്നായി സൂക്ഷിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം നിലനില്‍ക്കും. എങ്ങനെയാണ് അടുക്കളക്കത്തികള്‍ ശരിയായി സൂക്ഷിക്കേണ്ടത്?
നാരങ്ങ, തക്കാളി ഉള്ളി മുതലായ പച്ചക്കറികൾ അസിഡിറ്റി ഉള്ളവയാണ്. ഇത് കത്തികളില്‍ പറ്റിപ്പിടിക്കുന്നത് കാലക്രമേണ അത് നശിപ്പിക്കാന്‍ ഇടയാക്കും . അതിനാല്‍ കത്തികള്‍ ഉപയോഗിച്ചതിന് ശേഷം കഴുകി സൂക്ഷിക്കുക. പൈപ്പനടിയില്‍ വച്ച് വെള്ളം ഉപയോഗിച്ച് കഴുകുക. ഇതിനായി നേരിയ സോപ്പും ചൂടുവെള്ളവും ഉപയോഗിക്കാം.
കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗം തട്ടി കൈകള്‍ക്ക് മുറിവേല്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കത്തി സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് കൊണ്ടുള്ള എഡ്ജ് ഗാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. കത്തിയുടെ തിളക്കം മങ്ങുന്നത് തടയാനും ഇത് സഹായകമാകും.
മുറിക്കാനായി തെരഞ്ഞെടുക്കുന്ന പ്രതലങ്ങളും കത്തിയുടെ മൂര്‍ച്ചയെയും ബാധിക്കും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, കോണ്‍ക്രീറ്റ്, ഗ്രാനൈറ്റ് , അലുമിനിയം തുടങ്ങിയ കട്ടിയുള്ള ലോഹമോ ആയ പ്രതലങ്ങള്‍ ഒഴിവാക്കുക. പ്ലാസ്റ്റിക് , മരം, പോളിയെത്തിലീന്‍ കൊണ്ടുള്ള പ്രതലങ്ങള്‍ എന്നിവയ്ക്ക് മുകളില്‍ വച്ച് മുറിക്കുന്നത് നല്ലതായിരിക്കും. സാധാരണ കത്തികള്‍ അരം ഉപയോഗിച്ച് മൂര്‍ച്ച കൂട്ടാം.
ജാപ്പനീസ് ശൈലിയിലുള്ള കത്തികള്‍ കടുപ്പമുള്ള സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് ആയതിനാല്‍ തന്നെ വിറ്റ്‌സ്റ്റോണ്‍ ഉപയോഗിച്ചാണ് മൂര്‍ച്ച കൂട്ടേണ്ടത്. സാധാരണയായി നമ്മുടെ അടുക്കളയില്‍ കാണുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കത്തിയുടെ മൂര്‍ച്ചകൂട്ടാം. ഒരു സെറാമിക് മഗ്ഗിന്റെയോ പ്ലേറ്റിന്റെയോ കപ്പിന്റെയോ അടിഭാഗം ഉപയോഗിച്ച് വേഗത്തില്‍ മൂര്‍ച്ച കൂട്ടാം. കത്തി 20 ഡിഗ്രിയില്‍ പിടിച്ച് ഉരയ്ക്കണം.