കുട്ടികളുള്ള വീട്ടുകളിലെ ചുമരുകളില്‍ അവര്‍ കുത്തിവരക്കുന്നത് സാധാരണയാണ്. ഭിത്തികളിലെ ഈ വൃത്തികേട് ഒഴിവാക്കാനായി കുട്ടികളെ
അതില്‍ നിന്നും തടയുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തിലുള്ള വികൃതികള്‍ അവരില്‍ കൗതുകവും ഭാവനയും വളരുന്നതിന്റെ അടയാളമാണെന്ന് നിങ്ങള്‍ക്കറിയാമോ? കുട്ടികള്‍ വൃത്തികേടാക്കിയാലും ഭിത്തി പഴയ പോലെ തന്നെ വൃത്തിയാക്കാനുള്ള ചില വിദ്യകളുണ്ട്.
പെന്‍സിലുകൊണ്ടുള്ള വരകളാണ് അധികമെങ്കില്‍ സാധാരണ ഇറേസറുകള്‍ ഉപയോഗിച്ച് വരകള്‍ നീക്കം ചെയ്യാം. എന്നാല്‍ പടരാതെ സാവധാനം വൃത്തിയാക്കാനായി ശ്രദ്ധിക്കണം. ഇറേസറില്‍ പെന്‍സില്‍ കറ പിടിച്ചിട്ടുണ്ടോയെന്നു നോക്കണം. ഗ്രാഫൈറ്റ് ആഗിരണം ചെയ്യാനായി ഗം ഇറേസര്‍ ഫലപ്രദമാണ്. ഇത് സ്റ്റേഷനറി സ്‌റ്റോറുകളില്‍ നിന്നും ലഭിക്കും.
ബേക്കിങ് സോഡ ഉപയോഗിക്കുന്നതാണ് മറ്റൊരു മാര്‍ഗം. ഒരു ബൗളില്‍ വെള്ളം എടുത്ത് അതില്‍ അല്‍പം ബേക്കിങ് സോഡ കലര്‍ത്തുക നല്ല വൃത്തിയുള്ള ഒരു തുണിയെടുത്ത് അത് ഈ ലായനിയില്‍ മുക്കി പെന്‍സില്‍ പാടുകള്‍ മൃദുവായി തുടച്ച് നീക്കാം. വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റും ഉപയോഗിക്കാം. ഡിറ്റര്‍ജെന്റ് വെള്ളത്തില്‍ ലയിപ്പിച്ച് വൃത്തിയുള്ള തുണിയില്‍ മുക്കി പാടുകള്‍ പതുക്കെ തുടച്ചുനീക്കാം.
ഇനി പേന മഷിയാണ് ഭിത്തിയിലുള്ളതെങ്കില്‍ നെയില്‍ പോളീഷ് റിമൂവറിലേക്ക് ഒരു കോട്ടണ്‍ ഇയര്‍ ബഡ് മുക്കുക. ഈ ഇയര്‍ ബഡ് ഉപയോഗിച്ച് പേനയുടെ പാടുകള്‍ മൃദുവായി തുടച്ചുനീക്കാം. ഭിത്തിയിലെ പെയിന്റിന് ദോഷകരമാവാത്ത തരത്തില്‍ തുടച്ചുനീക്കാം. ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും പേന മഷി കളയാം.
ഇനി ക്രയോണ്‍ ഉപയോഗിച്ചുള്ള വരകളാണ് വില്ലനെങ്കിൽ ഹെയര്‍ ഡ്രയര്‍ ഭിത്തിക്ക് നേരെ പിടിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ കട്ടിയുള്ള ക്രയോണ്‍ മാര്‍ക്കുകള്‍ ഉരുകും. അപ്പോള്‍ തന്നെ തുടച്ച് നീക്കണം.
അല്ലെങ്കില്‍ അല്‍പ്പം മയണൈസ് എടുത്ത് ക്രയോണ്‍ മാര്‍ക്കുകള്‍ക്ക് മുകളില്‍ പുരട്ടാം. കുറച്ച് നേരം അങ്ങനെ വയ്ക്കണം. ശേഷം വൃത്തിയുള്ള തുണിയില്‍ തുടച്ച് കളയാം. വെള്ളത്തില്‍ മുക്കി ഒന്നു കൂടി തുടച്ചാല്‍ മയണൈസിന്റെ ഗന്ധം മാറ്റാം. റൂളറുകളുടെ മൂര്‍ച്ചയില്ലാത്ത പരന്ന വസ്തുക്കളുടെ അഗ്രം ഉപയോഗിച്ച് ക്രയോണ്‍ പാടുകള്‍ കളയാം.പാടുകള്‍ മങ്ങിയതിന് ശേഷം വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റ് വെള്ളത്തില്‍ കലര്‍ത്തി തുണിയില്‍ മുക്കി തുടച്ചു നീക്കാം.