കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലികള്‍, കഠിനമായ വെയില്‍, ചര്‍മരോഗങ്ങള്‍ എന്നിവയെല്ലാം കഴുത്തിലെ കറുപ്പിന് കാരണമാകാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഴുത്തിലെ കറുപ്പും ചുളിവുകളും മാറ്റി തിളക്കം വര്‍ദ്ധിപ്പിക്കാം.
ചര്‍മ്മ പരിചരണം
ഫേസ് പാക്ക് പോലെ കഴുത്തിലെ സ്‌കിന്നിനും പാക്കുകള്‍ ഇടുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഫ്രൂട്ട് പാക്കുകള്‍. കഴുത്തില്‍ പാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രൂട്ട് പാക്കുകള്‍ ഒഴികെയുള്ളവയാണെങ്കില്‍ അത് ഉണങ്ങാന്‍ അനുവദിക്കരുത്.
കൂടുതല്‍ സമയമിരുന്നാല്‍ പൊള്ളാനിടയുണ്ട്.കഴുത്തിലെ ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സ്‌ക്രബും ഉപയോഗിക്കാം. ആല്‍മണ്ടും പാലും ചേര്‍ന്ന സ്‌ക്രബാണ് കൂടുതല്‍ നല്ലത്. തോളില്‍ നിന്ന് തുടങ്ങി മുകളിലേക്ക് വേണം ഈ സ്‌ക്രബ് പുരട്ടാന്‍.
ആഴ്ചയില്‍ രണ്ടോ നാലോ തവണ ഇത് ചെയ്യാം. മുഖത്ത് ടോണര്‍ ഉപയോഗിക്കുമ്പോള്‍ കഴുത്തിലും ഇടാം. താഴെ നിന്ന് മുകളിലേക്ക് വേണം സണ്‍സ്‌ക്രീമും ഇടാന്‍. കഴുത്തിനായി വിറ്റമിന്‍ ഇ അടങ്ങിയ മോയിസ്ചറൈസിങ് ക്രീം തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
മുഖത്തെ മേക്കപ്പിനൊപ്പം കഴുത്തിലെ മേക്കപ്പും മാറ്റണം. മുഖത്തെ ചര്‍മ്മത്തി ലേത് പോലെ കഴുത്തിലെ ചര്‍മ്മത്തിലും ചെറു സുഷിരങ്ങളുണ്ട്. മേക്കപ്പ് ചെയ്യുമ്പോള്‍ ഈ സുഷിരങ്ങള്‍ അടയുന്നു. അതുണ്ടാകാതിരിക്കാന്‍ മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യണം.
നെക്ക് മസാജ്
കഴുത്തിലെ പാടുകളകറ്റി ചര്‍മ്മം മൃദുവാക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് നെക്ക് മസാജ്. കഴുത്തിലെ ചര്‍മ്മം മൃദുവായതിനാല്‍ മസാജ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ വേണം. ഇരു കൈകളും കൊണ്ട് താഴെ നിന്ന് മുകളിലേക്ക് ഇരുവശങ്ങളിലും മസാജ് ചെയ്യുക.
താഴേക്കോ വൃത്താകൃതിയിലോ മസാജ് ചെയ്യരുത്.ഒന്നോ രണ്ടോ മിനിറ്റ് ഇടവേളയെടുത്ത് 15 മിനിറ്റ് (ഏറ്റവും കൂടിയത്) വരയേ മസാജ് ചെയ്യാവൂ. കൂടുതല്‍ മസാജ് ചെയ്താല്‍ കഴുത്തിലെ തൊലിക്ക് സ്ട്രെയ്ന്‍ ഉണ്ടാകാനും പൊള്ളാനും സാധ്യതയുണ്ട്.
മസാജ് ചെയ്യുമ്പോള്‍ ശരീരത്തിന്റെ സ്ഥാനം കൃത്യമായിരിക്കണം. സ്പോണ്ടിലോസിസ് ചികിത്സയുടെ ഭാഗമായോ റിലാക്സേഷനോ ആണ് മസാജെങ്കില്‍ ഇരുന്ന് കൊണ്ടും, ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായാണെങ്കില്‍ കിടന്നു കൊണ്ടും ചെയ്യുക.
എണ്ണ ഉപയോഗിക്കാം
എണ്ണ ഉപയോഗിച്ചുള്ള മസാജ് കഴുത്തിലെ ചര്‍മ്മത്തെ മൃദുവാക്കുന്നു. എണ്ണ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കട്ടിയുള്ള എണ്ണകള്‍ക്ക് പകരം വെൡച്ചണ്ണ അല്‍പ്പം വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ഒലീവ് ഓയില്‍, സ്വീറ്റ് ആല്‍മണ്ട് ഓയില്‍ എന്നിവയും നല്ലതാണ്.
വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍
രാത്രി കിടക്കുമ്പോള്‍ ചെറുനാരങ്ങാനീര്, റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്ത് കഴുത്തില്‍ പുരട്ടുന്നത് കഴുത്തിലെ കറുപ്പകറ്റാന്‍ സഹായകമാണ്.
- തക്കാളി നീരില്‍ തേന്‍ ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം.
- ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് പുരട്ടുക. ഇതുകൊണ്ടു കഴുത്തില്‍ മസാജ് ചെയ്യുന്നതു നല്ലതാണ്.
- കറ്റാര്‍ വാഴുടെ ജെല്‍ കഴുത്തില്‍ പുരട്ടുന്നതും കഴുത്തിലെ കറുപ്പകറ്റാന്‍ സഹായകമാണ്.
- കൊഴുപ്പുള്ള കഞ്ഞിവെള്ളം കഴുത്തില്‍ പുരട്ടി, ഉണങ്ങുമ്പോള്‍ കഴുകിക്കളയുന്നതും ഗുണം ചെയ്യും.
- പുളിച്ച തൈരില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.
- ഇളംചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം.




