Lifestyle

ഉറുമ്പുകളാണോ വീട്ടിലെ വില്ലന്‍മാര്‍? പഞ്ചസാരപ്പാത്രത്തിലും ഇനി ഉറുമ്പ് വരില്ല, വഴിയുണ്ട്

കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍മാരാണെങ്കിലും ചിലപ്പോഴെങ്കിലും ഉറുമ്പുകള്‍ ശല്യക്കാരായി മാറാറുണ്ട്. പ്രത്യേകിച്ചും അടുക്കളയില്‍. പണ്ട് ചൂട്ട് കത്തിച്ച് ഉറുമ്പിന് മുകളില്‍ വെച്ചായിരുന്നു ഇവരെ തുരത്തിയിരുന്നത്. എന്നാല്‍ ഇത് അപകടകരമാണ്. അപ്പോള്‍ പിന്നെ ഇവരെ ഓടിക്കാനായി എന്താ ഒരു വഴി ?

ചോക്ക്

ഇതില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഉറമ്പുകളെ അകറ്റാനായി സഹായിക്കും. ഉറുമ്പുകള്‍ സാധാരണയായി കാണപ്പെടുന്ന ഇടങ്ങളില്‍ ചോക്ക് പൊടിച്ച് തൂവുക.

കര്‍പ്പൂരതുളസി

ഉറുമ്പ് , വണ്ട് , കൊതുക് പോലുള്ളവയെ തുരത്താനായി സഹായിക്കുന്ന ഒരു ചെടിയാണ് കര്‍പ്പൂരതുളസി. ഇതിന്റെ എണ്ണയും വാങ്ങാം. ഇതിന്റെ എണ്ണ കുറച്ചെടുത്ത് വെള്ളത്തില്‍ കലര്‍ത്തി ഉറുമ്പുളളടത്ത് തളിക്കാം.

നാരങ്ങ

ഉറുമ്പുകള്‍ വരുന്ന സ്ഥലങ്ങളില്‍ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുകയോ നാരങ്ങയുടെ തൊലി വെയ്ക്കുകയോ ചെയ്യാം. കുറച്ച് നാരങ്ങ നീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് നിലവും തുടയ്ക്കാം. ഓറഞ്ചും ഉപകാരപ്പെടും. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ ഓറഞ്ചിന്റെ തൊലിയും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഇത് ഉറുമ്പുകളുള്ള ഇടങ്ങളില്‍ പുരട്ടിയതിന് ശേഷം തുടയ്ക്കുക.

ടീ ട്രീ ഓയില്‍

5 തുള്ളി ടീ ട്രീ ഓയില്‍ 2 കപ്പ് വെള്ളത്തില്‍ കലക്കി ഉറുമ്പിന്റെ ശല്യമുള്ളയിടത്ത് തളിക്കുക.

ചുവന്ന മുളക്

ഉറുമ്പുകള്‍ വരുന്ന ഇടങ്ങളില്‍ ചുവന്ന മുളക് ചതച്ചത് വിതറുക. അതുപോലെ കുരുമുളക് പൊടിയും ഉപയോഗിക്കാം. കുറച്ച് തുള്ളി കുരുമുളക് എസന്‍ഷ്യല്‍ ഓയില്‍ ഒരു കപ്പ് വെള്ളവും ചേര്‍ത്ത് ഉറുമ്പ് വരുന്ന സ്ഥലങ്ങളില്‍ തളിക്കാം. ഇത് ദിവസവും രണ്ട് തവണ ചെയ്യാം.

ഉപ്പ്

മുക്കിലും മൂലയിലും ഉപ്പ് വിതറുന്നത് വീട്ടില്‍ നിന്ന് ഉറുമ്പുകളെ ഓടിക്കാനായി സഹായിക്കും.സാധാരണ പൊടി ഉപ്പ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. വെള്ളം തിളപ്പിച്ച് അതില്‍ ഉപ്പ് ചേര്‍ക്കുക. ഈ മിശ്രിതം സ്‌പ്രെ ചെയ്യാം.

വെളുത്ത വിനാഗിരി

വെളുത്ത വിനാഗിരിയുടെ രൂക്ഷമായ ഗന്ധം ഉറുമ്പുകള്‍ വെറുക്കുന്നു. അതിനാല്‍ വെള്ളവും വെളുത്ത വിനാഗിരിയും ഒരുപോലെ ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കാം. ഇത് പിന്നീട് ജനലുകള്‍ വാതിലുകള്‍ എന്നിങ്ങനെ ഉറുമ്പുകള്‍ വരുന്നിടത്ത് തളിക്കുക.

കറുവപ്പട്ട

കറുവപ്പട്ടയും ഗ്രാമ്പുവും ഇട്ട് തിളപ്പിച്ച വെള്ളം സ്‌പ്രേ ബോട്ടിലിലാക്കി ഉറുമ്പുള്ളയിടത്ത് തളിക്കാം. കുറച്ച് എണ്ണ കൂടി വെള്ളത്തില്‍ കലര്‍ത്താം.

ഇനി പഞ്ചസാര പാത്രത്തിലെ ഉറുമ്പാണ് നിങ്ങളുടെ വീട്ടിലെ വില്ലനെങ്കില്‍ അതിനെ തുരത്താനായി വഴിയുണ്ട്. പഞ്ചസാര സൂക്ഷിക്കുന്ന ഷെല്‍ഫില്‍ മഞ്ഞളിട്ട് വെക്കുക. രണ്ടോ മൂന്നോ ഏലക്ക പഞ്ചസാര പാത്രത്തിലിട്ട് വെക്കുക.കറുവപ്പട്ട അല്ലെങ്കില്‍ ഗ്രാമ്പു ഇട്ട് വെക്കുക. ഇതെല്ലാം ഉറമ്പിനെ തുരത്താനായി സഹായിക്കും. അല്ലെങ്കില്‍ പഞ്ചസാര പാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍ ഈ പാത്രം ഫ്രീസറില്‍ വയ്ക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *