Health

ആർത്തവം മാറ്റിവയ്ക്കാന്‍ മരുന്ന് കഴിക്കുന്നത് അപകടകരമാണോ? യാഥാർത്ഥ്യം അറിയാം

ആർത്തവം സ്ത്രീ ശരീരത്തിലെ പ്രകൃതിദത്തമായ, ശാരീരിക ഹോർമോണൽ പ്രക്രിയയുടെ ഫലമാണ്. ഈ ആര്‍ത്തവചക്രത്തിലെ ചെറിയൊരു മാറ്റം പോലും ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ആർത്തവസമയത്ത് സ്ത്രീകൾക്ക് പല തരത്തിലുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. അടിവയറ്റിലെ വേദന, പേശീവേദന, ക്ഷീണം, മൂഡ് മാറ്റങ്ങൾ, വീക്കം, തലവേദന, ഓക്കാനം തുടങ്ങിയവ ഇതില്‍ ഉൾപ്പെടുന്നു.

അതുകൊണ്ടുതന്നെ ആര്‍ത്തവകാലം പല സ്ത്രീകള്‍ക്കും ദുരിതകാലമാണ്. എന്നാല്‍ പലർക്കും ജീവിതത്തില്‍ പരീക്ഷ, വിവാഹം, ആഘോഷങ്ങൾ, തീർത്ഥാടനം, യാത്ര തുടങ്ങിയ ചില പ്രത്യേക അവസരങ്ങളിൽ ആർത്തവം മാറ്റേണ്ട സാഹചര്യം വരാറുണ്ട്. ഇതിനായി മാർക്കറ്റിൽ ലഭ്യമായ മരുന്നുകൾ ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ മരുന്നുകൾ സുരക്ഷിതമാണോ?

പ്രൊജസ്റ്ററോൺ (progesterone) അടങ്ങിയിരിക്കുന്ന ഈ മരുന്നുകൾ ശരീരത്തിൽ പ്രൊജസ്റ്ററോൺ ലെവൽ ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഫലമായി ആർത്തവം സംഭവിക്കേണ്ട സമയത്ത് ശരീരത്തിൽ പ്രൊജസ്‌ട്രോൺ ലെവൽ താഴാതെ ഇരിക്കുമ്പോൾ ശരീരം ആർത്തവം തുടരേണ്ടെന്ന് കരുതി അത് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഡോക്ടറുടെ മാർഗനിർദ്ദേശത്തോടെയാണ് ഈ മരുന്നുകൾ അടിയന്തിര ആവശ്യങ്ങൾക്കായി താൽക്കാലികമായി ഉപയോഗിക്കുമ്പോൾ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. എന്നാൽ, ഈ മരുന്നുകൾ സ്വമേധയാ, ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ സ്ഥിരമായി ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കാം.

ആർത്തവം നീട്ടിവയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചിലർക്ക് തലവേദന, ഛർദ്ദി, വയറുവേദന, മൂഡ് സ്വിംഗ്സ് പോലുള്ള ചെറിയ ചെറിയ പ്രയാസങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ, ഹോർമോൺ അസന്തുലിതാവസ്ഥ മൂലം മാസചക്രം തകരാറിലാകുന്നതിനൊപ്പം, ഗർഭധാരണ ശേഷിയിലും ദോഷകരമായ സ്വാധീനം ഉണ്ടാകാനിടയുണ്ട്. പ്രത്യേകിച്ച് ഹൃദ്രോഗം, ഹൈ ബ്ലഡ് പ്രഷർ, ഡയബറ്റീസ്, പിസിഒഎസ്, ഹൈപോതൈറോയ്ഡിസം തുടങ്ങിയ അവസ്ഥകളുള്ളവർക്കിത് കൂടുതൽ അപകടകരമായേക്കാം.

അതിനാൽ, ആർത്തവം മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ അത് ആരോഗ്യപരമായ ഒരു തീരുമാനമാണെന്ന് മനസിലാക്കണം. സ്വന്തം നിലയ്ക്ക് മരുന്ന് കഴിക്കുന്നതിനു പകരം, നിങ്ങളുടെ ആരോഗ്യനിലക്കും മാനസികാവസ്ഥക്കും അനുസരിച്ച് നിർദേശങ്ങൾ നൽകാൻ കഴിയുന്ന ഗൈനെക്കോളജിസ്റ്റിന്റെ ഉപദേശം അത്യന്താപേക്ഷിതമാണ്. ചിലപ്പോഴൊക്കെ ആർത്തവത്തെ “പ്രശ്നം” എന്ന് കാണുന്നതിനേക്കാൾ, അത് ഒരു “പ്രകൃതിദത്തമായ കാര്യം” എന്ന നിലയിലാണ് കാണേണ്ടത്. അതിനാൽ, അത് മാറ്റി വെക്കേണ്ട ആവശ്യകത വന്നാൽ പോലും ആരോഗ്യത്തെ മുൻ നിറുത്തി വേണം തീരുമാനമെടുക്കാന്‍.