Lifestyle

വീടിനകം മാത്രമല്ല, വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുമ്പോഴും വേണം അല്‍പം ശ്രദ്ധ

വീടിനകവും പുറവും വൃത്തിയാക്കിയതുകൊണ്ടു മാത്രം വീടുവൃത്തിയാക്കല്‍ പൂര്‍ത്തിയാവില്ല. അതിന് വീട്ടുപകരണങ്ങള്‍ കൂടി വൃത്തിയാക്കണം. ഉപകരണങ്ങള്‍ വൃത്തിയോടെ സൂക്ഷിച്ചാല്‍ അവയുടെ ആയുസ്സു കൂടും.

ഏത് വീട്ടുപകരണവും വൃത്തിയാക്കുന്നതിന് മുന്‍പ് അതിന്റെ ഇന്‍സ്ട്രക്ഷന്‍ മാനുവലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുകയും അവ കൃത്യമായി പാലിക്കുകയും വേണം. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലഗ് ഓഫ് ചെയ്തശേഷമേ വൃത്തിയാക്കാന്‍ പാടുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

  1. ഫ്രിഡ്ജ്
    ഫ്രിഡ്ജ് വൃത്തിയാക്കും മുമ്പ് പ്ലഗ് ഓഫ് ചെയ്തശേഷം സാധനങ്ങള്‍ പുറത്തെടുക്കുക. ഇളംചൂടുവെള്ളത്തില്‍ അല്‍പം ബേക്കിങ് പൗഡര്‍ ചേര്‍ത്ത ശേഷം അതില്‍ തുണി മുക്കി തുടയ്ക്കാം. ഫ്രിഡ്ജിന്റെ പുറംഭാഗവും ഇതുപോലെ വൃത്തിയാക്കണം. ഇനി ഫ്രിഡ്ജിനുള്ളിലെ ട്രേകളോരോന്നും പുറത്തെടുത്ത് കഴുകി വൃത്തിയാക്കാം. ഡോറിന് ചുറ്റുമുള്ള റബ്ബര്‍ സീലും നന്നായി വൃത്തിയാക്കണം. അല്ലെങ്കില്‍ അഴുക്കടിയാന്‍ സാധ്യതയുണ്ട്. ഒരു നാരങ്ങ മുറിച്ച് ഫ്രിഡ്ജിനുള്ളില്‍ വച്ചാല്‍ ഉള്ളിലെ ദുര്‍ഗന്ധം മാറും.
  2. മിക്‌സി
    മിക്‌സി ഉപയോഗിച്ച ശേഷം തുടച്ചു വൃത്തിയാക്കി വയ്ക്കണം. ജാറുകളും കഴുകി വൃത്തിയാക്കണം. മിക്‌സിയുടെ ബ്ലേഡുകള്‍ മാസത്തിലൊരിക്കലെങ്കിലും ഊരി കഴുകണം.
  3. ഗ്യാസ് സ്റ്റൗ
    എന്നും രാത്രി ഗ്യാസ് സ്റ്റൗ തുടച്ച് വൃത്തിയാക്കണം. സ്റ്റൗ ഓഫ് ചെയ്ത് 20 മിനിറ്റിന് ശേഷമേ ബര്‍ണര്‍ വൃത്തിയാക്കാവൂ. ബര്‍ണറിന് ചുറ്റുമുള്ള ഭാഗം ഊരിയെടുത്ത് രാത്രി കഴുകി തുടച്ചു വയ്ക്കണം. ബര്‍ണറില്‍ പൊടികയറുകയോ ആഹാരാവശിഷ്ടങ്ങള്‍ വീഴുകയോ ചെയ്താല്‍ ബര്‍ണര്‍, അല്പനേരം തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ട് വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ ബര്‍ണറിലെ അടഞ്ഞിരിക്കുന്ന സുഷിരങ്ങള്‍ തുറക്കും.
  4. വാഷിങ് മെഷീന്‍

    വാഷിങ് മെഷീന്‍ ഉപയോഗിച്ച ശേഷം വാഷ് ടബ്ബില്‍ അല്‍പം വെള്ളമൊഴിച്ച് കഴുകുക. വാഷിങ് മെഷീനുകളില്‍ അഴുക്കു ശേഖരിക്കാനുള്ള ലിന്റ് ഫില്‍ട്ടര്‍ മാസത്തിലൊരിക്കലോ മറ്റോ ഊരി വൃത്തിയാക്കണം. മെഷീന്റെ പുറത്ത് ചെളി പറ്റിയാല്‍ വീര്യം കുറഞ്ഞ സോപ്പ് ലായനിയില്‍ സ്‌പോഞ്ച് മുക്കി തുടയ്ക്കുക.
  5. അയണ്‍ ബോക്‌സ്

    പലപ്പോഴും തുണിയുടെ നിറം പറ്റിപ്പിടിച്ച് അയണ്‍ബോക്‌സിന്റെ അടിഭാഗം കറുത്തു വരാറുണ്ട്. അയണ്‍ബോക്‌സ് ചൂടാക്കിയശേഷം നനഞ്ഞ കമ്പിളിത്തുണികൊണ്ടു തുടച്ചാല്‍ കറ കളയാം. പ്ലഗ് ഓഫ് ചെയ്തശേഷമേ ഇത്തരത്തില്‍ വൃത്തിയാക്കാവൂ.
  6. വാട്ടര്‍ പ്യൂരിഫയര്‍
    ഇന്‍സ്ട്രക്ഷന്‍ മാനുവലില്‍ പറഞ്ഞിരിക്കുന്ന കാലാവധിയില്‍ പ്യൂരിഫയറിന്റെ ഫില്‍റ്റര്‍ മാറ്റണം. വെള്ളം ശേഖരിക്കുന്ന ഭാഗം ഇടയ്ക്കിടെ തുറന്ന് കഴുകി വൃത്തിയാക്കണം.