ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലെ കാര്‍ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ‘വൈറ്റ് കോളര്‍’ ഭീകരരുടെ ആത്മീയ നേതാവ് ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ മൗലവി ഇര്‍ഫാന്‍ അഹമ്മദെന്നു റിപ്പോര്‍ട്ട്. പാകിസ്‌താന്‍ ആസ്‌ഥാനമാക്കിയുള്ള ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള വ്യക്‌തിയാണു മൗലവി. 2023ല്‍, രോഗിയോടൊപ്പം ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് ഷക്കീലിനെയും നബിയെയും മൗലവി ഇര്‍ഫാന്‍ അഹമ്മദ് കണ്ടുമുട്ടിയത്. തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന് സന്ദേശങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഡോക്‌ടര്‍മാരെ അദ്ദേഹം വലയിലാക്കി. ഷക്കീലും നബിയും അവരുടെ മറ്റ് സഹപ്രവര്‍ത്തകരെയും മൗലവി അഹമ്മദുമായി പരിചയപ്പെടുത്തി. ദക്ഷിണ കാശ്‌മീരിലെ ജയ്‌ഷെ ഭീകരരുമായി കൂടിക്കാഴ്‌ചകള്‍ക്ക് മൗലവി അഹമ്മദ് സൗകര്യമൊരുക്കുകയും ചെയ്‌തു.ആ കൂടിക്കാഴ്‌ചകളെയാണു ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടന പദ്ധതിയുടെ ആദ്യ പടിയായി കണക്കാക്കുന്നത്. ജയ്‌ഷെ ഭീകരര്‍ ഡോക്‌ടര്‍മാര്‍ക്ക് രണ്ട് റൈഫിളുകള്‍ നല്‍കി.
ഷഹീന സയീദ് എന്ന ‘മാഡം സര്‍ജന്‍’ എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ഡോക്‌ടറുടെ’ മാരുതി സുസുക്കി സ്വിഫ്‌റ്റ് ഡിസയര്‍ കാറില്‍നിന്ന് ഒരു റൈഫിള്‍ കണ്ടെടുത്തു. ഈ ഷഹീന ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം രൂപീകരിച്ച ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമിയത്ത് ഉലമഇഹിന്ദിന്റെ പ്രധാന നേതാവാണെന്ന് അന്വേഷകര്‍ വിശ്വസിക്കുന്നു.രണ്ടാമത്തെ റൈഫിള്‍ ശ്രീനഗറിലെ ഒരു മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍കൂടിയായ ഈ സെല്ലിലെ അംഗമായ ആദില്‍ അഹമ്മദ് റാഥറിന്റെ ലോക്കറില്‍നിന്ന് കണ്ടെടുത്തു. റാഥര്‍ ജമ്മു കാശ്‌മീരിലെ നൗഗാമില്‍ ജയ്‌ഷെയെ പിന്തുണച്ച് പോസ്‌റ്ററുകള്‍ പതിക്കുന്നത് സി.സി.ടിവിയില്‍ പതിഞ്ഞതാണ് ഈ സെല്ലിനെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്.ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍നിന്ന് റാഥറിനെ അറസ്‌റ്റ് ചെയ്‌തു.
അയാളെ ചോദ്യം ചെയ്‌തതിലൂടെയാണു ഗൂഢാലോചന പുറത്തുവന്നത്. ഇത് ഷക്കീലിന്റെ അറസ്‌റ്റിലേക്കും സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തുന്നതിലേക്കും ഷഹീനയെ തിരിച്ചറിയുന്നതിലേക്കും നയിച്ചു. എങ്കിലും, ബോംബ് സ്‌ഫോടനം തടയാന്‍ പോലീസിന് കഴിഞ്ഞില്ല. അന്വേഷണത്തില്‍ ‘വൈറ്റ് കോളര്‍’ സെല്ലിലെ 10 പ്രധാന അംഗങ്ങളുടെ പട്ടികയുടെ കണ്ടെത്തിയിട്ടുണ്ട്.




