Featured Good News

വെറും ‘മണ്ണ്’ വിറ്റ് യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 2,200 രൂപ ! എങ്ങനെയെന്നല്ലേ…

വെറും മണ്ണ് വിറ്റ് ഒരാള്‍ക്ക് ഒരു ദിവസം 2,000 രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവാവ് ഇത് സാധ്യമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലാണ് ഇദ്ദേഹത്തിന്റെ കൗതുകകരമായ ഈ ബിസിനസ് ഐഡിയ പങ്കുവെച്ചിരിക്കുന്നത്.

ഒരു വിജനമായ സ്ഥലത്തുനിന്നും മണ്ണ് ശേഖരിക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. ഒരു സ്യൂട്ട്‌കേസ് നിറയെ മണ്ണ് ശേഖരിച്ച ശേഷം അദ്ദേഹം അത് പൊടിച്ചെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് സാധാരണ മണ്ണല്ല, മറിച്ച് ‘മുള്‍ട്ടാണി മിട്ടി’ (Multani Mitti) ആയിരുന്നു. ഈ പൊടിയിലേക്ക് മഞ്ഞളും ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങളും (Food colour) ചേര്‍ത്താണ് അദ്ദേഹം ‘ഓര്‍ഗാനിക് ഹോളിക്കളര്‍’ നിര്‍മ്മിച്ചത്.

തുടര്‍ന്ന്, ആകര്‍ഷകമായ പാക്കറ്റുകളിലാക്കി ഡല്‍ഹിയിലെ കനോട്ട് പ്ലേസില്‍ വെച്ച് ഇത് വില്‍പ്പന നടത്തി. ചര്‍മ്മത്തിന് ദോഷകരമല്ലാത്ത പ്രകൃതിദത്ത നിറങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ ഇത് താല്പര്യത്തോടെ വാങ്ങി. ദിവസാവസാനം 2,200 രൂപ ലാഭമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ‘ഗ്രാവിഡ് ന്യൂസ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്:

‘ഇദ്ദേഹത്തിന് എന്തും വില്‍ക്കാന്‍ കഴിവുണ്ട്’, ‘മികച്ച ബിസിനസ് ബുദ്ധി’ എന്നിങ്ങനെയുള്ള കമന്റുകളുമായി പലരും യുവാവിനെ പ്രശംസിച്ചു. യുവാവിന്റെ വൈദഗ്ധ്യത്തെ ‘പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ കഴിവ്’ എന്നാണ് ഒരു ആരാധകന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മണ്ണ് ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. യാത്രാക്കൂലി, കുപ്പികളുടെ വില, സ്റ്റിക്കറുകള്‍, പൊടിക്കാനുള്ള വൈദ്യുതി ചിലവ് എന്നിവ കണക്കിലെടുക്കുമ്പോള്‍ 2,200 രൂപ ലാഭം എന്നത് വലിയ തുകയാണോ എന്ന് മറ്റു ചിലര്‍ സംശയം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *