Featured Travel

വര്‍ഷത്തില്‍ 300 ദിവസവും യാത്ര; മോട്ടോര്‍സൈക്കിളില്‍ ഉറക്കം; ഭക്ഷണം ഉരുളക്കിഴങ്ങ്; സദ് ഗുരുവിന്റെ ആത്മീയയാത്ര

ആത്മീയ നേതാവും സഞ്ചാരിയുമായ സദ്ഗുരുവിനെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു മാര്‍ഗം മാത്രമല്ല, യാത്ര തന്നെ ഒരു ലക്ഷ്യമാണ്. മോട്ടോര്‍സൈക്കിളില്‍ ഉറങ്ങിയും വര്‍ഷം 300 ദിവസവും യാത്ര ചെയ്യുകയാണ് സദ്ഗുരു.

ഇരുപത് വയസ്സു മുതല്‍ തുടങ്ങിയ യാത്രയാണ്. ഏകദേശം നാല് വര്‍ഷത്തോളം ഒരു മോട്ടോര്‍സൈക്കിളില്‍ ആണ് ജീവിച്ചതെന്ന് അദ്ദേഹം പറയുന്നു. മോശം റോഡുകളിലൂടെ ഒരു വര്‍ഷം ഏകദേശം എഴുപതിനായിരം കിലോമീറ്ററോളം യാത്ര ചെയ്തിരുന്നു. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്. ആളുകളെയും, ഭക്ഷണത്തെയും, ആളുകളുടെ മണത്തെയും, ചിന്തകളെയും, അവരുടെ വികാരങ്ങളെയും തിരിച്ചറിയാനുമായി. കയ്യില്‍ പെട്രോളിനുള്ള പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മിക്ക രാത്രികളിലും മോട്ടോര്‍സൈക്കിളില്‍ തന്നെ കിടന്നുറങ്ങി. ചിലപ്പോള്‍ രാത്രികളില്‍ കാട്ടില്‍ ചെറിയ ടെന്റ് കെട്ടി താമസിച്ചു. ചിലപ്പോഴൊക്കെ അപരിചിതരായ ആള്‍ക്കാരുടെ വീട്ടില്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ യാത്ര തുടര്‍ന്നു. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ എത്തി, ആരുടെയെങ്കിലും വീട്ടില്‍ പോയി ‘എനിക്ക് വിശക്കുന്നു’ എന്ന് പറയും. പേര് ചോദിക്കാതെ തന്നെ അവരില്‍ ഭൂരിഭാഗം പേരും തനിക്ക് ഭക്ഷണം തന്നതായി അദ്ദേഹം പറയുന്നു.

മോട്ടോര്‍സൈക്കിള്‍ യാത്രയില്‍ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ പാഠം ജീ വിക്കാന്‍ സ്വന്തമായി ഒന്നും കൈവശം വെക്കേണ്ടതില്ല എന്നതായിരുന്നു. പത്തൊന്‍പതാം വയസ്സു മുതല്‍ ഇരുപത്തിയേഴ് വര്‍ഷം ഞാന്‍ എല്ലാ വര്‍ഷവും ഹി മാലയത്തില്‍ കാല്‍നടയായി സഞ്ചരിച്ചു. അക്കാലത്ത്, ഞങ്ങള്‍ ഉത്തരേന്ത്യയിലേക്ക് വരുമ്പോള്‍ വിജയവാഡയില്‍ വെച്ചായിരിക്കും ഏറ്റവും നല്ല ഭക്ഷണം കഴിക്കുക.

വിജയവാഡ കടന്നുകഴിഞ്ഞാല്‍, പിന്നെ മുഴുവന്‍ ഉരുളക്കിഴങ്ങ് മാത്രമായിരിക്കും – ആലു പുരി, ആലു മട്ടര്‍, ആലു ഗോബി, ആലു, ആലു, ആലു…. ഉരുളക്കിഴങ്ങ് അല്ലാതെ മറ്റൊന്നും അവിടെ ഇല്ലായിരുന്നു. ഹരിദ്വാറില്‍ എത്തുമ്പോഴേക്കും ഉരുളക്കിഴങ്ങ് കഴിക്കുന്നത് മതിയാക്കും. ആ ഭാഗത്ത് ചെറിയ ആപ്പിളുകള്‍ ഉണ്ട്. ഞാന്‍ വഴിയരികില്‍ നിന്ന് അവ വാങ്ങി ബാഗിലിട്ട് ദിവസം മുഴുവന്‍ ആപ്പിള്‍ കഴിക്കും. ഇന്ന് വര്‍ഷത്തില്‍ 300 ദിവസമെങ്കിലും യാത്ര ചെയ്യുന്നതിനാല്‍ കിട്ടുന്ന എന്തും കഴിക്കുമെന്നും പറഞ്ഞു.