പല്ലുകളുടെ ആരോഗ്യം പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എല്ലവര്‍ക്കുമറിയാം. എന്നാല്‍ ഇടയ്ക്കിടെ ടൂത്ത് ബ്രഷ് മാറ്റുന്ന കാര്യം നാം മറന്നുപോകാറുണ്ട് . കാലപ്പഴക്കത്തില്‍ ടൂത്ത് ബ്രഷിന്റെ ബ്രിസലുകള്‍ അകന്ന് പോവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യാറുണ്ട്. ഇത് മൂലം ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകളിലെ ഭക്ഷണാവിശിഷ്ടങ്ങള്‍ നല്ല രീതിയില്‍ നീക്കം ചെയ്യാനാകാതെ വരുന്നു.
ശരിയായ സൂക്ഷിച്ചില്ലെങ്കില്‍ അതില്‍ ബാക്ടീരിയയും വളരാന്‍ സാധ്യതയുണ്ട്. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗംമൂലം വായില്‍ അണുക്കള്‍ പെരുകി അണുബാധക്ക് കാരണമാകും. സാധാരണയായി മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റിയിരിക്കണമെന്ന് ദന്താരോഗ്യ വിദഗ്ദര്‍ ശിപാര്‍ശ ചെയ്യാറുണ്ട്. ബ്രഷിന്റെ ബ്രിസില്‍സിന് കേട് വന്നതായി ശ്രദ്ധയില്‍പ്പെട്ടാലും മാറ്റണം. കേട് വന്ന ബ്രിസല്‍സ് പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുകയും മോണയ്ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്യും. ഇത് മോണയില്‍നിന്ന് രക്തസ്രവത്തിനും കാരണമാകറുണ്ട്.
പുതിയ ബ്രഷ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ പുലര്‍ത്തണം. ഒരാളുടെ വ്യക്തിഗത താത്പര്യം, പ്രായം , ആരോഗ്യം ഉപയോഗത്തിന്റെ ആവൃത്തി എന്നിവയെല്ലാം ഇതില്‍ നിര്‍ണ്ണായകമാകാറുണ്ട്. നല്ല നിരയില്ലുള്ള പല്ലുകളുള്ളവര്‍ക്കും കറയടിയാത്തവര്‍ക്കും സോഫ്റ്റ് , ആള്‍ട്രാ സോഫ്റ്റ് ബ്രഷുകള്‍ ഉപയോഗിക്കാം. പല്ലില്‍ കറയുള്ളവര്‍ക്ക് മീഡിയം , ഹാര്‍ഡ് ബ്രഷ് ഉപയോഗിക്കാം.
വായുടെ ഉള്ളിലേയ്ക്കുവരെ പോയി വൃത്തിയാക്കാവുന്ന തരത്തില്‍ അല്‍പം ഫ്‌ളെക്‌സിബിളായ ബ്രഷ് തിരഞ്ഞെടുക്കാം. രാവിലെയും രാത്രിഭക്ഷണത്തിനുശേഷവും നിര്‍ബന്ധമായും പല്ലുകള്‍ ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക.