Featured Oddly News

230.25 മില്യണ്‍ ഡോളറിന് ‘ഗ്രീന്‍ലാന്‍ഡ്’ രാജ്യം വില്‍ക്കുന്നോ? ഡെന്മാര്‍ക്കുമായി വിലപേശി അമേരിക്ക…!

ഗ്രീന്‍ലാന്‍ഡിന് എത്ര വിലവരും? ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതോടെ 2019 ലെ പഴയ ചോദ്യം വീണ്ടും ഉയരുകയാണ്. യുറോപ്യന്‍രാജ്യമായ ഡെന്മാര്‍ക്ക് ഭരിക്കുന്ന സ്വയംഭരണ പ്രദേശമായ ‘ഗ്രീന്‍ലാന്‍ഡ്’ഏറ്റെടുക്കുന്നതിനെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ആലോചിക്കുന്നു.

1867-ല്‍ റഷ്യയില്‍ നിന്നും അലാസ്‌ക്ക വാങ്ങിയതിന് സമാനമായ നീക്കമാണ് അമേരിക്ക ഗ്രീന്‍ലാന്‍ഡിന് വേണ്ടിയും നടത്തുന്നത്. ഇത് ഡന്മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിക്കുമോ എന്നാണ് ആശങ്ക

2019 ല്‍ ട്രംപിന്റെ ആവശ്യം ഡെന്മാര്‍ക്ക് നിര്‍ദ്ദയം തള്ളിയതാണ്. പക്ഷേ ട്രംപ് രണ്ടാം ടേമിലേക്ക് വരുമ്പോള്‍ ഭാവിയില്‍ രാഷ്ടീയ പിരിമുറുക്കങ്ങളുടെ കേന്ദ്രബിന്ദുവായി ഗ്രീന്‍ലാന്‍ഡ് മാറുമോ എന്ന ആശങ്കയും ഇതിനൊപ്പമുണ്ട്. 1867-ല്‍ റഷ്യയില്‍ നിന്ന് 7.2 മില്യണ്‍ ഡോളറിന് അമേരിക്ക അലാസ്‌ക വാങ്ങിയിരുന്നു.

ഇന്നത്തെ 153.5 മില്യണ്‍ ഡോളറിന് തുല്യമായിട്ടാണ് ആ തുക വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. 836,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള അലാസ്‌കയെക്കാള്‍ വലുതായ ഗ്രീന്‍ലാന്‍ഡിന് പണപ്പെരുപ്പം ക്രമീകരിച്ച കണക്കുകളും 50% പ്രീമിയവും അടിസ്ഥാനമാക്കി 230.25 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് സൂചനകള്‍.

1946-ല്‍, യുഎസ് ഗ്രീന്‍ലാന്‍ഡിനായി 100 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന (ഇന്ന് 1.6 ബില്യണ്‍ ഡോളറിന് തുല്യം) സ്വര്‍ണം വാഗ്ദാനം ചെയ്തിരുന്നു. 1803 ലെ ലൂസിയാന പര്‍ച്ചേസിന് 15 മില്യണ്‍ ഡോളര്‍ (ഇന്ന് ഏകദേശം 418.8 ദശലക്ഷം ഡോളര്‍) ചിലവായി. 2021-ലെ ഗ്രീന്‍ലാന്‍ഡിന്റെ ജിഡിപി 3.24 ബില്യണ്‍ ഡോളറായിരുന്നു.

കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ശ്രമത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. ആര്‍ട്ടിക്, പ്രകൃതി വിഭവങ്ങള്‍, ഒരു പ്രധാന യുഎസ് സൈനിക താവളത്തിന്റെ സാന്നിധ്യം എന്നിവ ഉദ്ധരിച്ചാണ് തന്റെ പുതിയ താല്‍പ്പര്യം ട്രംപ് വെളിപ്പെടുത്തിയത്.

അതേസമയം ഗ്രീന്‍ലാന്‍ഡ് വില്‍ക്കാനില്ലെന്ന് 2019 ല്‍ ഡെന്മാര്‍ക്ക് ഭരണകൂടം അസന്ദിഗ്ധമായി പറഞ്ഞതാണ്. ട്രംപിന്റെ നിര്‍ദ്ദേശം ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ നിരസിച്ചു, ”ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല. ഗ്രീന്‍ലാന്‍ഡ് ഡാനിഷ് അല്ല. ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡിക് ആണ്.” അന്ന് ട്രംപ് തന്റെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനം തന്നെ റദ്ദാക്കിയിരുന്നു.

ഡെന്‍മാര്‍ക്കിനെ സ്വാധീനിക്കാന്‍ സൈനികമോ സാമ്പത്തിക ശക്തിയോ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായങ്ങള്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

തന്ത്രപരമായി സുപ്രധാനമായ ആര്‍ട്ടിക് പ്രദേശമായ ഗ്രീന്‍ലാന്‍ഡ്, ആഗോള ശക്തികള്‍ സ്വാധീനത്തിനായി മത്സരിക്കുന്ന മേഖലയാണ്. ഗ്രീന്‍ലാന്‍ഡ് വാങ്ങുന്നതിനുള്ള സാധ്യതയും ചെലവും ഊഹക്കച്ചവടമായി തുടരുമ്പോള്‍, പുതുക്കിയ ചര്‍ച്ചകള്‍ യു.എസ് തന്ത്രപരമായ ആസൂത്രണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *