Fitness

ഒന്ന് നന്നായിട്ട്‌ ഉറങ്ങാന്‍ എത്ര നേരം വ്യായാമം ചെയ്യണം? പുതിയ പഠനം

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും ഗുണമുണ്ടാകും.

ഉറക്കക്കുറവ് ഉള്ളവര്‍ക്കും വ്യായാമം ഒരു നല്ല മാര്‍ഗമാണ്. ഇത് സംബന്ധിയ്ക്കുന്ന പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിനെ സഹായിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ഐസ് ലാന്‍ഡിലെ റെയ്ക്ജാവിക് സര്‍വകലാശാലയുടെ നേതൃത്വത്തിലെ യൂറോപ്പിലെ 4399 പേരിലാണ് ഗവേഷണം നടത്തിയത്. ഒന്‍പത് യൂറോപ്യന്‍ രാജ്യങ്ങളിലെ 21 വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.

സ്ഥിരമായി വ്യായാമം ചെയ്തവര്‍ക്ക് രാത്രിയില്‍ ഉറക്കമില്ലായ്മ തോന്നാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് ഇന്‍സോംനിയ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യതയും 22 ശതമാനം കുറവായിരുന്നു. സജീവജീവിതശൈലി നയിച്ചവര്‍ രാത്രിയില്‍ ആറ് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ സുഖമായി ഉറങ്ങുന്നതായും ഗവേഷകര്‍ കണ്ടെത്തി. 10 വര്‍ഷം നീണ്ട പഠനത്തില്‍ ഇവരുടെ ശാരീരിക വ്യായാമത്തിന്റെ ദൈര്‍ഘ്യം, ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങള്‍, രാത്രിയിലെ ഉറക്കസമയം, പകലുറക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 25 ശതമാനം പേര്‍ സജീവമായ ജീവിതശൈലി പിന്തുടരുന്നവരായിരുന്നു.

ആഴ്ചയില്‍ കുറഞ്ഞത് രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നവരെയാണ് സജീവ ജീവിതശൈലിയുള്ളവരായി കണക്കാക്കിയത്. 18 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമാകുകയും 20 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമല്ലാതാകുകയും ചെയ്തു. 37 ശതമാനം പേര്‍ പഠനത്തിന് മുന്‍പും ശേഷവുമെല്ലാം സജീവമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവരായിരുന്നു. ബിഎംജെ ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.