പതിവായി ചോറ് കഴിക്കുകയും വ്യത്യസ്തതയ്ക്കായി ചപ്പാത്തിയും ചിക്കനും രുചിക്കുകയും ചെയ്യുന്ന മലയാളിയുടെ പ്രിയപ്പെട്ട ചപ്പാത്തിയുടെ ജന്മസ്ഥലം ഹരിയാനയാണെന്നാണ് കരുതപ്പെടുന്നത്. ചപ്പാത്തി മലയാളിയുടെ ഇഷ്ടപ്പെട്ട വിഭവമായി മാറിയിട്ട് വര്‍ഷം 101 വര്‍ഷമായി. 1924 ഏപ്രില്‍ 29 നായിരുന്നു ചപ്പാത്തിയുടെ കേരളത്തിലെ ഉദയം.
കേരളത്തിന്റെ നവോത്ഥാനചരിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള ഒരു സുപ്രധാന സംഭവമാണ് വടക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണത്തെ കേരളത്തിന്റെ തീന്‍മേശയിലേക്ക് എത്തിച്ചത്. സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1924 ഏപ്രിലില്‍ അമൃത്സറിൽ നിന്ന് സർദാർ ലാല് സിംഗിന്റെയും ബാബാ കൃപാൽ സിംഗിന്റെയും നേതൃത്വത്തിലുള്ള 10 അകാലികൾ വൈക്കത്ത് എത്തി. ഇവരാണ് ആദ്യമായി കേരളത്തില്‍ ചപ്പാത്തിയും ദാലും വിളമ്പിയത്. സമരവേദിയില്‍ ആദ്യമായി കേരളത്തിന്റെ നാവിനെ ആകര്‍ഷിച്ച ആ രുചിക്കൂട്ട് പിന്നീട് സംസ്ഥാനത്തിന്റെ വിപുലമായ പൈതൃകത്തിലേക്ക് അലിഞ്ഞുചേര്‍ന്നു.
സിഖ് ആരാധനാലയ പരിഷ്‌കരണത്തിനായുള്ള അകാലിദളുകളുടെ പോരാട്ടത്തോടനുബന്ധിച്ച് ആയിരുന്നു ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട വൈക്കം സത്യാഗ്രഹവും നടന്നത്. പഞ്ചാബ് പ്രബന്ധ് ശിരോമണി കമ്മിറ്റിയായിരുന്നു ആ ഉദാത്തമായ പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. വൈക്കം സത്യാഗ്രഹ വേദിയില്‍ ഐതിഹാസികമായ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അവര്‍ ഒരു സൗജന്യ ഭക്ഷണശാല സ്ഥാപിച്ചു.
1924 ഏപ്രില്‍ 28-ന് പഞ്ചാബില്‍ നിന്നുള്ള 10 പേരടങ്ങുന്ന സമര്‍പ്പിത സംഘം ജൂണ്‍ 25 വരെ ചപ്പാത്തി വിളമ്പി. 30,000-ത്തിലധികം പേരാണ് ഈ സൗജന്യ ഭക്ഷണത്തിന്റെ ഭാഗഭാക്കായി മാറിയതെന്ന് 1924 മെയ് 9-ന് പുറത്തിറങ്ങിയ വാര്‍ത്താ ബുള്ളറ്റിനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇതിനായി 4,000 രൂപ ചെലവഴിച്ചതായി ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ഒടുവില്‍ ഗോതമ്പ് സ്റ്റോക്കുകള്‍ തീര്‍ന്നുപോയതിനെ തുടര്‍ന്ന് ജൂണ്‍ 25-ന് പഞ്ചാബി അടുക്കള പ്രവര്‍ത്തനം നിര്‍ത്തുന്നത് വരെ അവര്‍ ചപ്പാത്തി വിളമ്പുകയും ചെയ്തു.
വടക്കേ ഇന്ത്യക്കാരുടെ ആരോഗ്യകരമായ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ഒന്നാണ് റൊട്ടി. തിന, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ സമൃദ്ധമായ ഉല്‍പ്പാദനം അവകാശപ്പെടാന്‍ കഴിയുന്ന സംസ്ഥാനമാണ് ‘റൊട്ടികളുടെ നാട്’ എന്നറിയപ്പെടുന്ന ഹരിയാന . ഇന്ത്യന്‍ ഫ്ലാറ്റ് ബ്രെഡുകള്‍ എന്നും അറിയപ്പെടുന്ന റൊട്ടികള്‍ സംസ്ഥാനത്തെ പ്രധാന ഭക്ഷണവിഭവമാണ്. സംസ്ഥാനത്തിന്റെ ശക്തമായ കാര്‍ഷിക പശ്ചാത്തലവും ഗോതമ്പ് വിളകളുടെ സമ്പന്നമായ കൃഷിയുമാണ് റൊട്ടിയുടെ ഉത്ഭവത്തിന് കാരണമായത്.