Sports

ഒന്നാം റാങ്കോടെ ഇന്ത്യയ്ക്ക് നാട്ടിലെ ലോകകപ്പ് കളിക്കാനൊക്കുമോ? അത് ഓസ്‌ട്രേലിയ തീരുമാനിക്കും

എട്ടാം തവണ ഏഷ്യാക്കപ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് നാട്ടില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പിലെ ഏറ്റവും ഫേവറിറ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് എതിരേ വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പര കൂടി വിജയിക്കാനായാല്‍ ഐസിസിയുടെ ഒന്നാം റാങ്കുകാരായി ലോകകപ്പിനിറങ്ങാം. ഇന്ത്യ ഏഷ്യാക്കപ്പ് നേടുകയും ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരമ്പര കൈവിടുകയും പാകിസ്താന്‍ ഏഷ്യാക്കപ്പില്‍ ശ്രീലങ്കയോട് തോല്‍ക്കുകയും ചെയ്തത് എല്ലാം മാറ്റി മറിച്ചു.

ശ്രീലങ്കയ്ക്കെതിരെ കൊളംബോയില്‍ 10 വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ ഇന്ത്യ ഞായറാഴ്ച ഏഷ്യാ കപ്പില്‍ കിരീടം ഉയര്‍ത്തിയെങ്കിലും, ഏകദിനത്തിലെ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടാനായില്ല. ആദ്യ രണ്ടു മത്സരം തോറ്റതിന് പിന്നാലെ 100 റണ്‍സ് വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്ക നേടിയ തുടര്‍ച്ചയായ മൂന്നു വിജയത്തിന്റെ ഫലമായി ഓസ്‌ട്രേലിയയുടെ ഒന്നാം റാങ്ക് പരുങ്ങലിലായി. ഇതോടെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ത്യയോടും ശ്രീലങ്കയോടും ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യ കപ്പുയര്‍ത്തി രണ്ടാമന്മാരുമായി.

എന്നിരുന്നാലും, മാറ്റം താല്‍ക്കാലികം മാത്രമാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഏകദിന പരമ്പര, ഒന്നാം റാങ്കുകാരായി ഏത് ടീമാണ് വലിയ ടൂര്‍ണമെന്റിലേക്ക് പോകേണ്ടതെന്ന് തീരുമാനിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഓസീസിന് അനുകൂലമായി പോയിരുന്നെങ്കില്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യയ്ക്കെതിരായ മത്സരം അപ്രസക്തമാകുമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് 2-3 ന് ഏറ്റ തോല്‍വി ഇന്ത്യയ്ക്കെതിരെ ഒരു മികച്ച വൈറ്റ്വാഷ് എന്ന തലത്തിലാക്കിയിരിക്കുയാണ് ഓസീസിനെ.

ഐസിസി ഏകദിന റാങ്കിംഗ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്ന് ടീമുകളില്‍ മുന്നിലുള്ളത് ഇന്ത്യയാണ്. ഓസ്ട്രേലിയയെ 2-1ന് തോല്‍പിച്ചാല്‍ ഒന്നാം നമ്പറുകാരായി തന്നെ രോഹിതിനും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്ക് മുന്നില്‍ ലോകകപ്പ് കളിക്കാം. മൊഹാലിയില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ വെള്ളിയാഴ്ച തന്നെ ഒന്നാം സ്ഥാനത്തെത്താനാകും.

ഏഷ്യാ കപ്പിലെ തങ്ങളുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. ഒന്നാം റാങ്കുകാരായി ഏഷ്യാ കപ്പില്‍ പ്രവേശിച്ച പാകിസ്ഥാന് ഇന്ത്യയോടും തോല്‍ക്കേണ്ടി വന്നു. ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനില്‍ ഏകദിന മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല എന്നതിനാല്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരാനുള്ള അവരുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.

ഓസ്ട്രേലിയയ്ക്ക് ഇന്ത്യയെ 2-1 ന് തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍, പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരും. ഓസീസ് രണ്ടാം സ്ഥാനത്തെത്തും, അതിനാല്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് അയയ്ക്കും.