അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യാക്കാരിയാണ്. ക്രിക്കറ്റ് ഭ്രാന്തന്മാരായ ഇന്ത്യന്‍ ആരാധകരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയായും അറിയാം. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടിയതിന് പിന്നാലെ എക്‌സില്‍ ഇരുവരുടേയും ഫോട്ടോയ്‌ക്കൊപ്പം വന്ന കമന്റുകളില്‍ ഒന്ന് അങ്ങിനെയായിരുന്നു. ഭാര്യ വിന്നിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വാംഖഡേയില്‍ മാക്‌സ്‌വെല്‍ തന്റെ 200 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ വിനി രാമന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹൃദയസ്പര്‍ശിയായ മൂന്ന് വാക്കുകളുള്ള അടിക്കുറിപ്പോടെ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു.
‘എല്ലാ വികാരങ്ങളും 201*’. അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഉടന്‍ തന്നെ ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തു.കഴിഞ്ഞ വര്‍ഷമാണ് വിന്നി മാക്‌സ് വെല്ലിനെ വിവാഹം കഴിച്ചത്. ചെന്നൈ സ്വദേശിയാണ് വിനി. മനോഹരമായ ക്രോസ്-കള്‍ച്ചറല്‍ പ്രണയകഥ ഉള്‍ക്കൊള്ളുന്നവരാണ് ഇരുവരും. സെപ്റ്റംബറില്‍ ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. അവന് ലോഗന്‍ മാവെറിക് മാക്‌സ്‌വെല്‍ എന്ന് പേരിട്ടു. നവംബര്‍ 7 ന് ലോകകപ്പിലെ മുപ്പത്തൊമ്പതാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേയായിരുന്നു മാക്‌സ്‌വെല്ലിന്റെ പൊട്ടിത്തെറി ബാറ്റിംഗ്. 128 പന്തില്‍ പുറത്താകാതെ 201 റണ്‍സ് നേടിയാണ് അദ്ദേഹം അഞ്ചു തവണ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് അസാധ്യമായ ഒരു വിജയം നേടിക്കൊടുത്തത്.
റണ്‍ ചേസിംഗിനിടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനും ലോകകപ്പില്‍ 200 റണ്‍സ് തികയ്ക്കുന്ന ആദ്യ താരവുമാണ് മാക്‌സ് വെല്‍. 21 ബൗണ്ടറികളും 10 സിക്‌സറുകളുമാണ് താരം നേടിയത്.ആറാം നമ്പര്‍ ബാറ്റ്‌സ്മാനായി മാക്‌സ്വെല്‍ ക്രീസിലെത്തിയപ്പോള്‍ ഓസ്‌ട്രേലിയ 8.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയിലായിരുന്നു, താമസിയാതെ അത് 18.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 91 ആയി മാറി, പക്ഷേ അവിടെ നിന്നാണ് 35 കാരനായ താരം ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ വിജയം നല്‍കിയത്. നേരത്തേ നെതര്‍ലാന്‍ഡിനെതിരേ 40 പന്തില്‍ സെഞ്ച്വറി നേടിയ മാക്‌സ്വെല്‍ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.