അടുക്കളയിലുണ്ടാകുന്ന വായുമലിനീകരണത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. വിറകടുപ്പുകളും വറുക്കലും പൊരിക്കലും ഏറെയുള്ള നമ്മുടെ അടുക്കളയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന പുക സാവധാനം ആരോഗ്യത്തിനെ തകരാറിലാകുന്നു. ഇങ്ങനെയുള്ള പുകയും മണവും പുറന്തള്ളാനായി എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ ഉപകാരപ്രദമാകും.
എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള ശബ്ദം പലര്‍ക്കും അരോചകമാണ്. ഈ കാരണംകൊണ്ട് എക്‌സ് ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ പോലും അവ പ്രവര്‍ത്തിപ്പിക്കാത്തവരുമുണ്ട്. ശരിക്കും എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ അടുക്കളയില്‍ വേണോ?
വീടിനും ആരോഗ്യത്തിനുമായി എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പാചകത്തിന് ശേഷം പുറത്തുവരുന്ന നീരാവി, ദുര്‍ഗന്ധം, പുക, ഗ്രീസ്, എന്നിവ എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പിടിച്ചെടുത്ത് ഫില്‍ട്ടര്‍ ചെയ്യുന്നു. സ്റ്റൗവില്‍ പുറന്തള്ളുന്ന അധികമായ പുക പുറന്തള്ളുന്നു. ഇത് ശ്വസിക്കുന്നതിന് ശ്വാസകോശത്തിനും ഹൃദയത്തിനും ദോഷമാണ്. വായുവിൽ തങ്ങിനിൽക്കുന്ന എല്ലാ അപകടകരമായ കണികകളെയും എക്‌സ്‌ഹോസ്റ്റ് ഫാൻ നീക്കം ചെയ്യുന്നില്ലെങ്കിലും അവയുടെഖ അളവ് ഗണ്യമായി കുറയുന്നു.
പാചകം ചെയ്യുമ്പോള്‍ അടുക്കളയിലെ ജനാലകളും വാതിലുകളും തുറന്നിടണം. ഒരുപരിധിവരെ അടുക്കളയിലെ മലിന വായു നീക്കം ചെയ്യാനായി എയര്‍ പ്യൂരിഫയറുകളും ഉപയോഗിക്കാം. മലിനീകരണത്തിന്റെ തോത് പരിഗണിക്കുമ്പോൾ ഇലക്ട്രിക് സ്റ്റൗവുകളാണ് ഗ്യാസ് സ്റ്റൗവുകളെക്കാൾ ഫലപ്രദം. സ്റ്റൗവ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വായു മലിനമാക്കുന്ന വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നില്ല എന്നതിനാലാണിത്.
മലിന വായു പുറന്തള്ളാനായി അടുക്കളയില്‍ സ്ഥാപിക്കുന്ന വ്യത്യസ്തതരം ഫാനുകള്‍ വിപണിയിലുണ്ട്. ഭിത്തിയില്‍ ഉള്‍പ്പെടുന്ന ഫ്രീ സ്റ്റാഡിങ് വാള്‍ കനോപ്പികളും ഫിക്‌സഡ് മോഡലുകളുമാണ് മലിന വായു നീക്കം ചെയ്യാന്‍ ഫലപ്രദമെന്നാണ് ഗവേഷകരുടെ നിഗമനം. ഇതിനുപുറമേ അടുക്കള ക്യാബിനറ്റുകളിൽ ഘടിപ്പിക്കാവുന്ന അണ്ടർമൗണ്ട് മോഡലുകൾ, ഫിക്സഡ് മോഡലുകൾ, ആവശ്യമുള്ളപ്പോൾ പുറത്തെടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യാനാവുന്ന മോഡലുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്.
വായു വലിച്ചെടുത്ത് ഫിൽറ്റർ ചെയ്ത ശേഷം തിരികെ മുറിയിലേക്ക് കടത്തിവിടുന്ന റീസർക്കുലേഷൻ മോഡലുകളും ഫലപ്രദമാണ്.
ഏത് തരത്തിലുള്ള മോഡലാണ് തെരഞ്ഞെടുക്കുന്നതെങ്കിലും കൃത്യസമയത്ത് അതിന്റെ മെയിന്റനന്‍സ് നടത്താനും ശ്രദ്ധിക്കണം. അലുമിനിയം മെഷ് ഫില്‍ട്ടറുകള്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട്ടില്‍ തന്നെ വൃത്തിയാക്കാനായി കഴിയും. മറ്റ് തരത്തിലുള്ള ഫില്‍റ്ററുകളാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ മാറ്റി സ്ഥാപിക്കാനായി ഓര്‍ക്കണം.