കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ അമിതമായി കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് അത്ര നല്ല ശീലം അല്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നു. വീട്ടില്‍ വളരെ വിനയത്തോടെ പെരുമാറുന്ന കുട്ടി, സ്‌കൂളില്‍ എത്തിയാല്‍ ആകെ പ്രശ്‌നക്കാരനായി മാറുന്നു. കാര്‍ട്ടൂണ്‍ കാണല്‍ ഒരു കുഞ്ഞിന്റെ സ്വഭാവ രുപീകരണത്തെ ബാധിക്കുന്ന രീതിയാണിത്. കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം.
- കാര്‍ട്ടൂണ്‍ കാണുന്നത് അത്ര മോശമായ കാര്യമാണെന്നല്ല പറയുന്നത്. കുട്ടികളുടെ ഭാവന വളര്‍ത്താന്‍ പര്യാപ്തമായ ധാരാളം തീമുകള്‍ കാര്‍ട്ടൂണുകളിലുണ്ട്. കുഞ്ഞുങ്ങള്‍ക്കു വളരെ നല്ല ഭാവനകള്‍ ഉണ്ടാക്കിയെടുക്കാനും ഭാവനാപരമായി കാര്യങ്ങള്‍ മനസിലാക്കാനും അതിലൂടെ ക്രിയേറ്റിവിറ്റി വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കും.
- ഒട്ടുമിക്ക കാര്‍ട്ടൂണുകളിലേയും സിനിമകളിലേയും ആകര്‍ഷണീയത അതിസാഹസികതയാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ ഈ സാഹസികത അനുകരിക്കാന്‍ ശ്രമിക്കുന്നതു വലിയ അപകടങ്ങള്‍ക്കു കാരണമാകും. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു ശ്രദ്ധ അനിവാര്യമാണ്.
- കാര്‍ട്ടൂര്‍ കഥാപാത്രങ്ങളുടെ സ്വഭാവവും കണ്ടന്റും വളരെ പ്രധാനപ്പെട്ടതാണ്. ആക്രമണ സ്വഭാവമുള്ള കാര്‍ട്ടൂണുകളില്‍ നിന്നും കുഞ്ഞുങ്ങളെ അകറ്റി നിര്‍ത്തുക.
- കാര്‍ട്ടൂണ്‍ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുക, കിടക്കാന്‍ പോയാലും കാര്‍ട്ടൂണ്‍ ചാനല്‍ ഓണ്‍ ആക്കി വക്കുക തുടങ്ങിയ കാര്യങ്ങള്‍ നന്നല്ല. സ്‌ക്രീനിലെ കൃത്രിമ വെളിച്ചത്തിലേക്കു മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കണ്ണിനു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാവും. കുഞ്ഞുപ്രായത്തില്‍ത്തന്നെ കുട്ടികള്‍ കണ്ണാടി വയ്ക്കേണ്ടിവരുന്നതിനു പിന്നിലുള്ള ഒരു കാരണം ഇതാണ്.
- ഭാഷാപ്രാവീണ്യം നേടിയെടുക്കുന്നതിന് സഹായിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണുകള്‍ കാണിക്കുക
- അനാരോഗ്യകരമായ രീതിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കുഞ്ഞുങ്ങളെ സ്വാധീനിക്കാന്‍ അനുവദിക്കരുത്
- പ്രായത്തില്‍ കവിഞ്ഞ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കാര്‍ട്ടൂണുകള്‍ ഒഴിവാക്കുക
- കാര്‍ട്ടൂണ്‍ കാണാനെന്നു പറഞ്ഞ് ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്ന സമയത്തില്‍ ഒരു ശ്രദ്ധ അനിവാര്യമാണ്. മണിക്കൂറുകള്‍ ഒരേ ഇരിപ്പിരിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കും