പുതുവര്‍ഷമാണ്. നമ്മുടെ ആരോഗ്യത്തിന് ഹാനകരമെന്ന് ഉറപ്പുള്ള ദു:ശ്ശീലങ്ങള്‍ എന്നെന്നേക്കുമായി നിര്‍ത്താന്‍ ഉറച്ച തീരുമാനമെടുക്കാനുള്ള മുഹൂര്‍ത്തം. അതില്‍ ആദ്യത്തേതുതന്നെയാണ് പുകവലി. ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും
ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില്‍ നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്‍ഗം അതൊരിക്കലും ആരംഭിക്കാതിരിക്കുക എന്നതാണ്.
എന്നാല്‍ ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും.
തികച്ചും പ്രായോഗികവും മനഃശാസ്ത്രപരവുമായ സമീപനമാണ് പുകവലി ശീലത്തില്‍ നിന്നും മുക്തിനേടാന്‍ ഫലപ്രദം.
- ദോഷവശങ്ങള്‍ അറിയുക: പുകവലിയുടെ ഫലങ്ങളെപ്പറ്റി കൂടുതല്‍ അറിയുക, ബോധവാനാവുക
- ഉറച്ച തീരുമാനം എടുക്കുക: പുകവലിശീലം തനിക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും വരുത്തുവാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങേളയും ദുരന്തങ്ങളേയും ഓര്‍ത്ത് ഈ ദുശീലം നിര്‍ത്തുമെന്ന് ഉറച്ച തീരുമാനം എടുക്കുക.
- തീരുമാനം പരസ്യമായി പ്രഖ്യാപിക്കുക: കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സ്‌നേഹിതര്‍ എന്നിവരോട് ഈ തീരുമാനം പ്രഖ്യാപിക്കുക. അപ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷവും അനുമോദനവും നിങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രചോദനമാകും.
- പുകവലിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ഒഴിവാക്കുക: ബാക്കിയുള്ള സിഗരറ്റുപായ്ക്കറ്റുകള്‍, കത്തിയ്ക്കാനുപയോഗിക്കുന്ന തീപ്പൊരി, ലൈറ്റര്‍, ആഷ്‌ട്രേ തുടങ്ങിയവ ഇനി നിങ്ങള്‍ക്കാവശ്യമേയില്ല. അവ ഒഴിവാക്കുക.
- മറ്റു പ്രവൃത്തികളിലേക്ക് തിരിയുക: പുകവലിക്കണമെന്ന കലശലായ അഭിനിവേശം ആദ്യമൊക്കെ ഉണ്ടാവാനിടയുണ്ട്. അപ്പോള്‍ ഗ്യാസ് മിഠായി വായിലിടുക, ച്യൂയിംഗം ചവയ്ക്കുക, ആപ്പിള്‍, പൈനാപ്പിള്‍, വെള്ളരിക്ക, കാരറ്റ് തുടങ്ങിയവയൊക്കെ സാവധാനം ചവച്ച് രുചിച്ച് കഴിക്കുക.
- ദിനചര്യകള്‍ പുതുമയുള്ളതാക്കുക: രാവിലെ ടോയ്‌ലറ്റില്‍ പോകുമ്പോള്‍, കാലിച്ചായയോ, കട്ടന്‍കാപ്പിയോ കുടിക്കുമ്പോള്‍ അല്ലെങ്കില്‍ ആഹാരം കഴിയുമ്പോള്‍ പുകവലി നിര്‍ബന്ധമുള്ളവരുണ്ട്. നാളുകളായി തുടര്‍ന്നുവരുന്ന ഈ ശീലം മൂലം ആ ദിനചര്യയും പുകവലിയുമായി ഒരുബന്ധം ഉടലെടുത്തിട്ടുണ്ടാവും. അതുകൊണ്ട് ആ സമയങ്ങളില്‍ പുകവലിക്കാനുള്ള പ്രവണത അതിശക്തമായിരിക്കും. ഇത്തരം ദിനചര്യകളോടനുബന്ധിച്ച് പുകവലിയ്ക്ക് പകരമായി രസമുള്ള മറ്റെന്തെങ്കിലും ചെയ്യുന്നത് ഫലപ്രദമായി കാണാറുണ്ട്.
- സാഹചര്യങ്ങള്‍ ഒഴിവാക്കുക: പുകവലി നിര്‍ത്തിയതിനുശേഷമുള്ള കുറച്ചുകാലമെങ്കിലും അതിനു പ്രേരണയുണ്ടാകാവുന്ന സാഹചര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുക.
- വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തുക: യോഗ, നടത്തം, സൈക്കളിംഗ്, നീന്തല്‍, മറ്റു വ്യായാമങ്ങള്‍ ഇവയിലൊന്നു ദിനചര്യയാക്കുക. സംഘര്‍ഷമകറ്റുന്നതിനും പുകവലിയ്ക്കാനുള്ള പ്രചോദനം കുറയുന്നതിനും ഇത് സഹായിക്കുന്നു.
- മാനസിക സംഘര്‍ഷങ്ങള്‍ അകറ്റുക: പുകവലിക്കുന്നതിനുള്ള പ്രവണത തോന്നുന്നത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുമ്പോഴാണ്. അപ്പോള്‍ ഒരു സിഗരറ്റു വലിച്ചാല്‍ സംഘര്‍ഷത്തിന് അയവ് കിട്ടുമെന്ന് വിചാരിക്കുന്നു. ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ അതൊരു ശീലമായിത്തീരുന്നു. അതുകൊണ്ട് മാനസിക സംഘര്‍ഷങ്ങള്‍ അകറ്റാനുള്ള റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ സ്വീകരിക്കണം.
- ഇഷ്ട ഹോബികള്‍ സ്വീകരിക്കുക: ഉറച്ചുപോയ ഒരു ശീലത്തെ മറ്റൊരു ശീലംകൊണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ് പ്രായോഗികം. ആരോഗ്യകരവും രസകരവുമായ ഹോബികളോ ശീലങ്ങളോ പുകവലിക്കുപകരമായി സ്വീകരിക്കുക.