നല്ല നിലാവുള്ള രാത്രിയില്‍ തിളങ്ങുന്ന മാര്‍ബിള്‍ പാറകള്‍ക്ക് ഇടയില്‍ ശാന്തമായി ഒഴുകുന്ന നദിയിലൂടെ ഒരു ബോട്ട് സവാരി നടത്തുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? തീര്‍ച്ചയായും കവിതയെഴുതാനും കഥകള്‍ പറയാനുമുള്ള ഈ അവസരം കൃത്യമായി നല്കുന്ന ഒന്നായിരിക്കും മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ ഭാഗമായ ഭേഡാഘട്ടിലേക്കുള്ള യാത്ര. കൂട്ടത്തില്‍ പത്താം നൂറ്റാണ്ടിലെ ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന മനോഹരമായ ചൗന്സത് യോഗിനി ക്ഷേത്രവും ധൂവാന്ദര് വെള്ളച്ചാട്ടവും ബോണസായിരിക്കും.
നര്‍മ്മദാ നദിയോട് ചേര്‍ന്നുള്ള മാര്‍ബിള്‍ പാറകള്‍ ഒരു വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചാനുഭവം തന്നെയാണ്. അലസമായി അടുക്കി വെച്ചിരിക്കുന്നത് പോലെയുള്ള വെളുത്ത പാറകള്‍ ജബല്‍പൂരിലെ ഭേഡാഘട്ടിന്റെ മനോഹരവും കൗതുകകരവുമായ കാഴ്ചകളിലൊന്നാണ്. ചേര്‍ന്നു കിടക്കുന്ന നദിയിലൂടെ കിട്ടുന്ന ബോട്ടുയാത്രയില്‍ ഈ മാര്ബിള്മലയുടെ ആകൃതി വിഭിന്ന കോണുകളില്‍ വ്യത്യസ്തമായി കാണപ്പെടും. വെള്ളി പോലെ തിളങ്ങുന്ന മാര്‍ബിള്‍ പാറകള്‍ക്ക് ഇടയിലൂടെ നിലാവുള്ള രാത്രിയിലെ ബോട്ട് സവാരി അസാധാരണമാണ്.
നര്‍മ്മദാനദിയില്‍ ശക്തമായ വെള്ളച്ചാട്ടം പുകമഞ്ഞിനെ സൃഷ്ടിക്കുന്നതിനാലാണ് അതിന് ‘ധുഅന്ധര്’ എന്ന് പേരിട്ടിരിക്കുന്നത്. മാര്‍ബിള്‍ പാറകളുടെ കുന്നിനിടയിലൂടെയാണ് ശാന്തമായി ഒഴുകുന്ന നര്‍മ്മദ തുടക്കത്തില്‍ പ്രകൃതിയുടെ സാധാരണ കാഴ്ചകളിലൂടെ സഞ്ചരിച്ചാണ് ധുവാന്ദര് വെള്ളച്ചാട്ടത്തിന്റെ രൂപം മാറുന്നത്. പാറക്കെട്ടില്‍ നിന്ന് ശക്തമായി വീഴുന്ന വെള്ളത്തിന്റെ പുകമഞ്ഞാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്. മണ്‍സൂണ്‍ വെള്ളച്ചാട്ടത്തിന് വന്യമായ സൗന്ദര്യം നല്‍കുന്നുണ്ട്. മലവെള്ളത്തിന്റെ ഇരമ്പല്‍ വളരെ ദൂരെ നിന്ന് തന്നെ കേള്‍ക്കാനാകും.
നന്നായി നിര്‍മ്മിച്ച പ്ലാറ്റ്ഫോമുകളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മികച്ച കാഴ്ച ആസ്വദിക്കാം. വെള്ളത്തിനടിയിലെ വെള്ളയും ചാരനിറത്തിലുള്ള മാര്‍ബിള്‍ പാറകളും വെള്ളച്ചാട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. വെള്ളച്ചാട്ടത്തിന്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും ആകാശക്കാഴ്ചയ്ക്കായി കേബിള്‍ കാര്‍ സവാരി നടത്തുക. കേബിള്‍ കാര്‍ യാത്രയുടെ സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ്.
ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന പത്താം നൂറ്റാണ്ടിലെ ഗംഭീരമായ ചൗന്സത് യോഗിനി ക്ഷേത്രമാണ് ഭേഡാഘട്ട് ഒളിപ്പിച്ചു വെച്ചിരിക്കുന്ന മറ്റൊരു കൗതുകം. സമാനതകളില്ലാത്ത കലാവൈഭവം സഞ്ചാരികളെ ടൈംട്രാവല്‍ ചെയ്യിക്കും. പ്രകൃതിയും പൈതൃകവും ചേര്‍ന്ന് അവിശ്വസനീയ കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന ഭേഡാഘട്ട് പട്ടണത്തിലെ മനോഹരമായ സ്ഥലങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തും.