Hollywood

ഒരൊറ്റ സിനിമ ഇല്ല ; എന്നിട്ടും ഈ നടി വന്‍നേട്ടമുണ്ടാക്കി ; 2020 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയത് സോഫിയ

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനോ നടിയോ ആയി കിരീടം നേടാനുള്ള പാത സാധാരണയായി ലളിതമാണ്. ഒന്നുകില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സിനിമയില്‍ അഭിനയിക്കുക. അല്ലെങ്കില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള താരമായി മാറുക. എന്നാല്‍ ഒരു സിനിമയില്‍ പോലും അഭിനയിക്കാ തിരുന്നിട്ടും വരുമാനത്തില്‍ മുന്നിലെത്തിയ താരമുണ്ട് സോഫിയ വര്‍ഗാര.

ഒരു സിനിമ പോലും റിലീസ് ചെയ്യാതിരുന്ന 2020-ല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയവരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ സോഫിയാ വര്‍ഗാരയ്ക്ക കഴിഞ്ഞു. 2020ല്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിനിമാതാര ങ്ങളുടെ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ സോഫിയ മുന്നിലെത്തിയത് 43 ദശലക്ഷം ഡോളര്‍ സമ്പാദിച്ചുകൊണ്ടായിരുന്നു.

നടന്മാരില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ മൂന്നാം തവണയും ഒന്നാമതെത്തി. 87 മില്യണ്‍ ഡോളര്‍ ആയിരുന്നു താരത്തിന്റെ നേട്ടം. സോഫിയ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തെറിച്ചത് സ്‌കാര്‍ലറ്റ് ജോഹാന്‍സണിന്റെ കസേരയാണ്്്. 2020 സിനിമകള്‍ക്ക് അസാധാരണമായ വര്‍ഷമായിരുന്നു. മാര്‍ച്ചിന് ശേഷം വലിയ റിലീസുകളൊന്നുമില്ലാതെ പല അഭിനേതാക്കളും ആ വലിയ പ്രതിഫലം നഷ്ടപ്പെടുത്തിയപ്പോള്‍ അതിന് വിപരീതമായി, സോഫിയ വെര്‍ഗാരയ്ക്ക് ആ വര്‍ഷം ഒന്നിലധികം ടിവി ഷോകള്‍ ഉണ്ടായിരുന്നു.

മോഡേണ്‍ ഫാമിലിയുടെ അവസാന സീസണിലും അതുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ എ മോഡേണ്‍ ഫെയര്‍വെല്ലിലും അവര്‍ പ്രത്യക്ഷപ്പെട്ടു. അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ 15-ാം സീസണ്‍ ജഡ്ജായും അവര്‍ സൈന്‍ ചെയ്തു. കോവിഡ്-19-ന് ശേഷമുള്ള മാറിയ ലാന്‍ഡ്സ്‌കേപ്പ് കാരണം 2020-ല്‍ ഫോര്‍ബ്സ് പട്ടികയില്‍ നിരവധി ടിവി താരങ്ങള്‍ ഉള്‍പ്പെടുന്നു.

35 മില്യണ്‍ ഡോളര്‍ വരുമാനവുമായി ആഞ്ജലീന ജോളി രണ്ടാം സ്ഥാനത്തെത്തി. ഗാല്‍ ഗാഡോട്ട് (31 മില്യണ്‍ ഡോളര്‍), മെറില്‍ സ്ട്രീപ്പ് (24 മില്യണ്‍ ഡോളര്‍), നിക്കോള്‍ കിഡ്മാന്‍ (22 മില്യണ്‍ ഡോളര്‍) എന്നിവരാണ് സോഫിയ വെര്‍ഗാര പിന്തള്ളിയ മറ്റ് വലിയ സിനിമാതാരങ്ങള്‍. ജെന്നിഫര്‍ ലോപ്പസും സ്‌കാര്‍ലറ്റ് ജോഹന്‍സണും ആദ്യ പത്തില്‍ നിന്ന് തന്നെ പുറത്തായി.