കൗതുകകരമായ ഹോബി കൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഒരാളുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ബ്രിട്ടീഷുകാരനായ ഡേവിഡ് മോര്‍ഗന്റെ ഇഷ്ടവിനോദം റോഡുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ട്രാഫിക് കോണുകള്‍ ശേഖരിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കോണ്‍ ശേഖരത്തിന് ഉടമയായ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവാണ് ഇന്ന് ഡേവിഡ് മോര്‍ഗന്‍.
ഡേവിഡിന്റെ ഈ ശേഖരം ലോകമെമ്പാടും പടര്‍ന്നു കിടക്കുന്നതാണ്. ഒരു യാത്രയ്ക്കിടയില്‍ കോഴ്‌സിക്കയിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് പോലും അദ്ദേഹം ഒരു കോണ്‍ സ്വന്തമാക്കിയിരുന്നു. വലിയ താല്പര്യമുണ്ടെങ്കിലും, കോണുകള്‍ ശേഖരിക്കുന്നതില്‍ അദ്ദേഹം ധാര്‍മ്മികത പുലര്‍ത്തുന്നുണ്ട്. നിയമ വിരുദ്ധമായി ഒരിക്കലും അദ്ദേഹം കോണുകള്‍ എടുക്കാറില്ല. പകരം അവിടുത്തെ മേല്‍നോട്ടക്കാരുമായി സംസാരിക്കുകയോ, തന്റെ പക്കലുള്ള മറ്റൊരു കോണ്‍ പകരം നല്‍കിയ ശേഷം അത് സ്വന്തമാക്കുകയോയാണ് അദ്ദേഹം ചെയ്യുന്നത്. ഡേവിഡിന്റെ ഈ ശീലത്തിന് പിന്നില്‍ ഒരു വലിയ കഥയുമുണ്ട്.
1986-ല്‍ ഒരു കമ്പനിയുമായി തന്റെ കമ്പനിയുടെ ട്രാഫിക് കോണ്‍ ഡിസൈനിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഡേവിഡ് ഉള്‍പ്പെട്ടു. തന്റെ കമ്പനിയുടെ ഡിസൈന്‍ വേറിട്ടതാണന്ന് തെളിയിക്കുന്നതിനായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ട്രാഫിക് കോണുകള്‍ അദ്ദേഹം ശേഖരിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമം വിജയിക്കുകയും അദ്ദേഹം കേസ് ജയിക്കുകയും ചെയ്തു. എന്നാല്‍, അതിനുശേഷം കോണുകള്‍ ശേഖരിക്കുന്നത് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ശരിക്കും രസകരമാണെന്നാണ് ഡേവിഡ് പറയുന്നത്. നിരവധി ആകൃതികളിലും വലിപ്പത്തിലും നിറങ്ങളിലുമുള്ള കോണുകളുണ്ട്. ഇവയുടെ മാതൃകകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഡേവിഡിന്റെ ശേഖരം അതിവേഗം വളരുകയും 2000 -ല്‍ ഗിന്നസ് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ 137 വ്യത്യസ്ത വലുപ്പത്തിലും നിറങ്ങളിലുമുള്ള ട്രാഫിക് കോണുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തില്‍ കണ്ടെത്തുകയും ചെയ്തു. 2007-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 500-ലധികം കടന്നു. ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ട കോണ്‍ ഡിസൈനുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.




