തായ്ലന്‍ഡില്‍ ഒരു ഉടുമ്പ് ഒരു നവജാത ശിശുവിനെ ഭക്ഷിക്കുന്നത് കണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവം സമുത് പ്രകാന്‍ പ്രവിശ്യയിലുടനീളം ആള്‍ക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ബാങ്കോക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാംഗ് ഫ്ലി ജില്ലയിലെ ആളുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുഞ്ഞിന്റെ അവശിഷ്ടങ്ങള്‍ വിഴുങ്ങുന്നത് കണ്ടതിനെ തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ചാരിറ്റി വിഭാഗത്തില്‍ പെടുന്ന റുവാംകതന്യൂ ഫൗണ്ടേഷനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ തലയൊഴികെയുള്ള ഭാഗങ്ങള്‍ ഉടുമ്പ് ഭക്ഷിച്ചതായി കണ്ടെത്തി. കുടിയേറ്റത്തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന വാടക വീടുകളുടെ ഒരു നിരയ്ക്ക് സമീപമുള്ള ജലാശയത്തിന് സമീപം കണ്ടെത്തിയ 6.5 അടി നീളമുള്ള മൃഗത്തിന്റെ വായില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കുഞ്ഞിന്റെ തല മാത്രമേ വീണ്ടെടുക്കാനായുള്ളൂ.
കുഞ്ഞ് ജനിച്ചത് ജീവനോടെയാണോ അതോ മരിച്ചതാണോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണത്തിനായി മൃതദേഹാവശിഷ്ടങ്ങള്‍ ചക്രി നരുബോദീന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജനിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചുപോയെന്നാണ്് രക്ഷാപ്രവര്‍ത്തകര്‍ അനുമാനിക്കുന്നത്. ഉടുമ്പുകള്‍ സാധാരണയായി തായ്ലന്‍ഡിലെ നഗരപ്രദേശങ്ങളിലെ കനാലുകള്‍, ചതുപ്പുകള്‍, അഴുക്കുചാലുകള്‍, കുളങ്ങള്‍ എന്നിവയിലാണ് കണ്ടുവരുന്നത്. മത്സ്യം, പാമ്പുകള്‍, തവളകള്‍, മനുഷ്യരുടെ ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവയാണ് ഭക്ഷിക്കുന്നത്.
താന്‍ ആദ്യം കുഞ്ഞിനെ മത്സ്യമായി തെറ്റിദ്ധരിച്ചതായി സാക്ഷികളിലൊരാളായ കിറ്റിസാക് ഫോങ്ഫിപാറ്റ് തായ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അതൊരു മനുഷ്യക്കുഞ്ഞാണെന്ന് മനസ്സിലായത്. കുഞ്ഞിനെ മൃഗം കീറിമുറിച്ചിരുന്നെന്നും അത് കണ്ടപ്പോള്‍ ഓക്കാനം വന്നെന്നും അയാള്‍ പറഞ്ഞു. നവജാത ശിശുവിനെ ഉപേക്ഷിച്ചപ്പോള്‍ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരും. കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു.