Featured Good News

‘തലച്ചോറുള്ള സുന്ദരി’; മെഡിക്കല്‍ പഠനം ഉപേക്ഷിച്ച് UPSC എഴുതി ; ഐപിഎസും ഐഎഎസും നേടി

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഓഫീസര്‍ തുടങ്ങിയ അഭിമാനകരമായ തസ്തികകളില്‍ സര്‍ക്കാര്‍ ജോലി നേടുക എന്നത് പല യുവാക്കളുടെയും സ്വപ്നമാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളില്‍ ഒന്നായി യൂണിയന്‍ സിവില്‍ സര്‍വീസസ് പരീക്ഷയെ കണക്കാക്കുന്നത്.

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ അതിന് മൂന്ന് തലങ്ങളും കടന്ന് മുന്നേറണമെങ്കില്‍ അസാധാരണ മികവ് തന്നെ വേണ്ടതുണ്ട്. മെഡിക്കല്‍ പഠനം ഉപേക്ഷിച്ച് യുപിഎസ്സി പരീക്ഷയില്‍ ഒന്നല്ല, രണ്ടുതവണ വിജയിച്ച ഐഎഎസുകാര മുദ്ര ഗൈറോളയുടെ കഥ ഐഎഎസ് മോഹികള്‍ക്ക് വലിയ പ്രചോദനമായിരിക്കും.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ കര്‍ണപ്രയാഗില്‍ നിന്നുള്ള മുദ്ര ഗൈറോള ഐ.എ.എസ്. അക്കാര്യത്തിലുള്ള പിതാവിന്റെ സ്വപ്‌നം പൂവണിയിക്കുകയായിരുന്നു. പിതാവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ വേണ്ടി അവര്‍ മെഡിസിന്‍ പഠനം ഉപേക്ഷിച്ചാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പരീക്ഷയ്ക്ക് പരിശീലനം നേടിയത്.

മുംബൈയിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് ഡെന്റല്‍ സര്‍ജറി (ബി.ഡി.എസ്) കോഴ്സ് പഠിച്ചു. ബിരുദദാനത്തില്‍ മുദ്ര ഗൈറോള സ്വര്‍ണ്ണ മെഡല്‍ നേടി. പിന്നീട് ഡല്‍ഹിയില്‍ മാസ്റ്റര്‍ ഓഫ് ഡെന്റല്‍ സര്‍ജറി (എം.ഡി.എസ്) പ്രോഗ്രാമില്‍ ചേര്‍ന്നു. അച്ഛന്‍ അരുണ്‍ ഗൈറോളയ്ക്ക് മകള്‍ ഒരു ഐഎഎസ് ഓഫീസര്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഇതിനിടയിലാണ് അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി, അവള്‍ എംഡിഎസ് പ്രോഗ്രാം ഉപേക്ഷിച്ച് ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകളില്‍ ഒന്നായ യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങിയത്.

സ്വന്തം നാട്ടില്‍ നിന്നാണ് അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ 96% ഉം പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ 97% ഉം സ്‌കോര്‍ നേടി അവര്‍ പഠനത്തില്‍ മികവ് പുലര്‍ത്തി. പിന്നീട് ബിരുദത്തിനായി മുംബൈയിലേക്ക് താമസം മാറി. 2018 ല്‍, യുപിഎസ്സി പരീക്ഷയ്ക്ക് അവള്‍ ആദ്യ ശ്രമത്തില്‍ പങ്കെടുത്തു, എന്നിരുന്നാലും അഭിമുഖ ഘട്ടത്തിലെത്താന്‍ മാത്രമേ അവള്‍ക്ക് കഴിഞ്ഞുള്ളൂ.

2019-ല്‍, അവര്‍ വീണ്ടും UPSC പരീക്ഷ എഴുതി, പക്ഷേ അഭിമുഖ ഘട്ടത്തിലെത്തിയിട്ടും തിരഞ്ഞെടുക്കപ്പെട്ടില്ല. 2020-ല്‍, അവര്‍ക്ക് മെയിന്‍ പരീക്ഷകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍, 2021-ല്‍ അവര്‍ വീണ്ടും പരീക്ഷ എഴുതുകയും എഐആര്‍ 165 നേടുകയും ചെയ്തു ഐപിഎസ് ഓഫീസറായി. 2022-ല്‍ യുപിഎസ് സി യില്‍ സിഎസ്ഇയില്‍ വീണ്ടും പരീക്ഷ എഴുതുകയും ഓള്‍ ഇന്ത്യാ റാങ്കിംഗില്‍ 53-ല്‍ വിജയിച്ച് ഐഎഎസ് ഓഫീസറായി മാറുകയും ചെയ്തു.