Featured Healthy Food

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോഗ്യകരമാകണമെന്നില്ല; മുന്നറിയിപ്പുമായി വിദഗ്ധർ

പതിറ്റാണ്ടുകളായി ഇന്ത്യൻ വീടുകളിൽ ആരോഗ്യകരമായ ഭക്ഷണരീതിയുടെ അളവുകോലായി കണക്കാക്കപ്പെടുന്നത് ‘വീട്ടുഭക്ഷണത്തെ’ ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതവും പോഷകസമൃദ്ധവും സന്തുലിതവുമാണെന്നാണ് പൊതുവായ ധാരണ. എന്നാൽ, ഈ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ചർമ്മരോഗ വിദഗ്ധയായ ഡോ. ഗുർവീൻ വറൈച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ കേവലം ശീലങ്ങൾക്കപ്പുറം ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു.

വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രം മികച്ച ആരോഗ്യം ഉറപ്പാക്കാൻ കഴിയില്ലെന്ന് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഡോക്ടർ വ്യക്തമാക്കുന്നു. വീട്ടുഭക്ഷണം കഴിക്കുന്നു എന്ന ആത്മവിശ്വാസത്തിൽ പലരും അമിതമായ പഞ്ചസാരയുടെ ഉപയോഗം, പ്രോട്ടീന്റെ കുറവ്, ഭക്ഷണത്തിലെ അസന്തുലിതാവസ്ഥ എന്നിവ ശ്രദ്ധിക്കാതെ പോകുന്നു.

“വീട്ടിലുണ്ടാക്കുന്ന ഭക്ഷണമായതുകൊണ്ട് മാത്രം അത് ആരോഗ്യകരമാകണമെന്നില്ല,” പതിവ് ശീലങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി അവർ പറയുന്നു. ശർക്കരയോ കരുപ്പെട്ടിയോ ചേർത്തതാണെങ്കിൽ പോലും, വീട്ടിലിരുന്ന് ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് ആരോഗ്യകരമല്ലെന്ന് അവർ ഉദാഹരണമായി പറയുന്നു.

ഭക്ഷണത്തിലെ പ്രോട്ടീന്റെ (മാംസ്യം) അളവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയും ഡോക്ടർ തിരുത്തുന്നുണ്ട്. മുതിർന്നവരുടെ ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും പേശികളുടെ ബലത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ആവശ്യമാണ്. ഇതിനായി പരിപ്പിനെ മാത്രം ആശ്രയിക്കുന്നത് ഒന്നിനും തികയില്ലെന്ന് അവർ വിശദീകരിക്കുന്നു. അതുപോലെ, ‘ പൊറോട്ട’ പോലുള്ള പ്രഭാതഭക്ഷണങ്ങൾ രുചികരമാണെങ്കിലും, കൃത്യമായ ക്രമീകരണമില്ലാതെ സ്ഥിരമായി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തിന് ഗുണകരമല്ല.

ഭക്ഷണം എവിടെ പാകം ചെയ്യുന്നു എന്നതിനേക്കാൾ അത് എങ്ങനെ കഴിക്കുന്നു എന്നതിലാണ് കാര്യം. “ആരോഗ്യകരമായ ഭക്ഷണം എന്നാൽ വീട്ടുഭക്ഷണം മാത്രമല്ല, അത് ബോധപൂർവമായ ഭക്ഷണരീതിയാണ് (Conscious eating),” അവർ കൂട്ടിച്ചേർക്കുന്നു.

ഇക്കാര്യത്തിൽ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളും ഡോ. വറൈച്ച് മുന്നോട്ട് വെക്കുന്നു:

ദിവസവും കുടിക്കുന്ന ചായയുടെ അളവ് നിങ്ങൾ നിയന്ത്രിക്കാറുണ്ടോ?

ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താറുണ്ടോ?

ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ?

രാത്രി വൈകിയുള്ള അമിത ഭക്ഷണം, എണ്ണയിൽ വറുത്ത വിഭവങ്ങളുടെ അമിത ഉപയോഗം, പഞ്ചസാരയുടെ അളവ് എന്നിവ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രധാന പോഷകാഹാര വിടവുകളാണ്. രാത്രി ലഘുവായ ഭക്ഷണം കഴിക്കുക, വറുത്തവ ഒഴിവാക്കുക, ഭക്ഷണത്തിന്റെ അളവ് (portion size) നിയന്ത്രിക്കുക എന്നിവയും വീട്ടുഭക്ഷണത്തോടൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം വീട്ടിലായാലും പുറത്തായാലും അതിലെ പോഷകഗുണം, പ്രോട്ടീൻ, ജലാംശം, കൃത്യനിഷ്ഠ എന്നിവയാണ് യഥാർത്ഥത്തിൽ പ്രധാനമെന്ന് ഡോക്ടറുടെ സന്ദേശം വ്യക്തമാക്കുന്നു.