Movie News

ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ഹിന്ദി പതിപ്പിന് റെക്കാർഡ് തുകയ്ക്കു വിൽപ്പന

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപൂർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക. അതില്‍നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻനായകനാകുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് ആദ്യം തന്നെ വിറ്റുപോയിരിക്കുന്നത്.

അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റർ ഷെയർ നൽകിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്. പൂർണ്ണമായും ആക്ഷൻ – വയലൻസ് ചിത്രമായ മാർക്കോയെ ഒരു ബോളിവുഡ് സിനിമയെ വെല്ലും വിധത്തിലാണ് ഹനീഫ് അദേനി അവതരിപ്പിക്കുന്നത്.

ഏതു ഭാഷക്കാര്‍ക്കും, ഒരു പോലെ ആസ്വദിക്കാവുന്ന രീതിയിൽ ഒരു യുണിവേഴ്സൽ ചിത്രമായിട്ടാണ് അവതരണം. കെ.ജി.എഫ്.സലാർ ,തുടങ്ങിയ വൻ ചിത്രങ്ങൾക്കു സംഗീതം ഒരുക്കിയ രവി ബസ് റൂർ ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച സംഘട്ടന സംവിധായകരായ കാലെ കിംഗ്സൺ, സ്റ്റണ്ട് സെൽവ, ഫെലിക്സ് എന്നിവരാണ് ഈ ചിത്രത്തിന്റെ ആക്ഷൻ ഒരുക്കുന്നത്.

ക്യുബ്സ് ഇൻ്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ഷെറീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലേയും, ഇൻഡ്യയിലെ ഇതര ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മൂന്നാർ, ഫോർട്ട് കൊച്ചി, തായ്ലാൻ്റ്, എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകാകുന്നത്