ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ജോർദാനിലെ പെട്രയിലെ ട്രഷറി സ്മാരകത്തിൽ പുരാവസ്തു ഗവേഷകർ ഒരു രഹസ്യ ശവകുടീരം കണ്ടെത്തി. 2,000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങളുള്ള ശവകുടീരമാണ് കണ്ടെത്തിയത്. 12 മനുഷ്യഅവശിഷ്ടങ്ങളും ധാരാളം പുരാവസ്തുക്കളും ഇതിൽ നിന്ന് ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
ഓഗസ്റ്റിലാണ് ജോർദാനിലെ പെട്രയിൽ നബാറ്റിയൻ അവശിഷ്ടങ്ങളുടെ ഐക്കണിക് ട്രഷറി കെട്ടിടത്തിന് താഴെ ഒരു ശവകുടീരം ഖനനം ചെയ്യാൻ തുടങ്ങിയത് . അമേരിക്കൻ സെന്റർ ഓഫ് റിസർച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പിയേഴ്‌സ് പോൾ ക്രീസ്‌മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വർഷമാദ്യം ശവകുടീരം കണ്ടെത്തിയ ഗവേഷണം നടത്തിയത്. ഗ്രൗണ്ട് പെനറേറ്റിംഗ് റഡാർ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചത്.
പെട്രയിലെ മറ്റ് ശവകുടീരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ശവകുടീരത്തിൽ നിന്ന് നിരവധി പുരാതന പുരാവസ്തുക്കളും മനുഷ്യഅവശിഷ്ടങ്ങളുമാണ് കണ്ടെത്താനായത് . ശവകുടീരത്തിലെ അറയിൽ നിന്ന് വെങ്കലം, ഇരുമ്പ്, സെറാമിക് എന്നിവയും ലഭിക്കുകയുണ്ടായി.
പെട്ര പര്യവേക്ഷണം ചെയ്ത രണ്ട് നൂറ്റാണ്ടുകളിൽ, ഇതുപോലൊന്ന് കണ്ടെത്താനായിട്ടില്ലെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ പെട്രയെ 2000-കളിൽ ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിരുന്നു .