Oddly News

പ്രാണി തിന്ന ബാക്കി ഇല ചേർത്ത് തേയില; വില പതിനായിരങ്ങള്‍! തേനിന്റെ സുഗന്ധവും പഴത്തിന്റെ രുചിയും

പ്രാണികള്‍ കടിച്ചതിന്റെ ബാക്കി പഴങ്ങളും മറ്റും നമ്മള്‍ സാധാരണയായി കഴിക്കാറില്ല. ഇവയില്‍ നിന്നും രോഗങ്ങള്‍ പകരാനുള്ള സാധ്യതയുള്ളതിനാലാണ് അത്. എന്നാല്‍ തായ് വാനിലെ ഒരിനം ചായയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. പ്രാണി കടിച്ച തേയില ഇലകളില്‍ നിന്നുണ്ടാക്കുന്ന ചായക്ക് പതിനായിരങ്ങളാണ് വില. നാന്റ്‌റൗവിലാണ് ഇത്തരം ചായ ഉണ്ടാക്കുന്നത്.

ജാക്കോബിയാസ്‌ക ഫോര്‍മോസാന അല്ലെങ്കില്‍ ടീ ജാസിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരത്തിലുള്ള പ്രാണികളെ ഇവിടങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ കാണാം. ഇവ തേയിലയുടെ നീരുറ്റി കുടിക്കുന്നു. ഈ സമയത്ത് തേയിലയില്‍ പ്രത്യേക തരം എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് തേയിലയ്ക്ക് തേനിന്റെ സുഗന്ധവും പഴത്തിന്റെ രുചിയും മിനുസമാര്‍ന്ന ടെക്സ്ചറും കൊടുക്കുന്നു.

പിന്നീട് പ്രാണികള്‍ കടിച്ച ഇലകള്‍ ഓക്സിഡൈസ് ചെയ്ത് വറുത്ത് പലതരത്തിലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നു. ഈ തേയിലകളില്‍ നിന്നും ഉണ്ടാക്കുന്ന ചായ ‘ ബഗ് ബിറ്റണ്‍ ഊലോംഗ് ടീ’ എന്നും ‘ ഡോങ് ഡിംഗ് ഊലോംഗ് ‘ എന്നുമെല്ലാം അറിയപ്പെടുന്നുണ്ട്. മിക്സിയാങ് ബ്ലാക്ക് ടീ, ഓറിയന്ററല്‍ ബ്യൂട്ടി എന്നിവയും അവയില്‍ ചിലതാണ്. ഇത്തരത്തിലുള്ള ചായകള്‍ക്ക് ജനപ്രീതി ആര്‍ജ്ജിച്ച് വരുന്നതേയുള്ളൂ.

ഓറിയന്ററല്‍ ബ്യൂട്ടി തായ് വാനിലെ പ്രശസ്തമായ മിക്സിയാങ് ടീകളിലൊന്നാണ്. കഴിഞ്ഞ ദശകത്തില്‍ ഇത് ലേല വിപണികളിലെ വിലയേറിയ വിഭവമായി മാറി. തായ്‌പേയില്‍ നടന്ന ടോക്കിയോ ചുവോ ലേലത്തില്‍, ഓറിയന്റല്‍ ബ്യൂട്ടിയുടെ മൂന്ന് 75 ഗ്രാം ക്യാനുകള്‍ക്ക് ഏകദേശം പതിനൊന്ന് ലക്ഷത്തിനടുത്ത് വില ലഭിച്ചു. സാധാരണ ബഗ് ബിറ്റണ്‍ ഊലോംഗ് ടീയ്ക്ക് ഓണ്‍ലൈനില്‍ 75 ഗ്രാമിന് മൂവായിരം രൂപ വില വരും.
തായ് വാനിലുള്ള ഹ്സിഞ്ചു, ഹുവാലിയന്‍, നാന്റ് റൗ, അലിഷാന്‍ തുടങ്ങിയ തേയിലത്തോട്ടങ്ങള്‍ കാണാനും സാമ്പിള്‍ ചായ കുടിക്കുന്നതിനുമുള്ള മികച്ച സ്ഥലങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *