കൂടുതല്‍ ഏത്തപ്പഴം വാങ്ങി വയ്ക്കാം എന്നുകരുതിയാല്‍ അത് ഫ്രഷായി അധികദിവസം സൂക്ഷിക്കാന്‍ കഴിയില്ല. പെട്ടെന്ന് തന്നെ കറുത്ത് പോകുന്നതായി കാണാം. പ്രത്യേകിച്ച് ഇപ്പോഴത്തെ കടുത്ത ചൂടില്‍. ഇത്തരത്തില്‍ ഏത്തപ്പഴം പെട്ടെന്ന് കറുത്ത് പോകാതെ ഫ്രഷായി ഇരിക്കാനായി കുറച്ച് വിദ്യകളുണ്ട്.
വാഴപ്പഴം ഒരുമിച്ചാണ് വാങ്ങുന്നതെങ്കില്‍ പച്ചയും പഴുത്തതും ഇടകലര്‍ത്തി വാങ്ങാനായി ശ്രദ്ധിക്കുക. അങ്ങനെ വാങ്ങുമ്പോള്‍ അടുത്ത ദിവസം ഉപയോഗിക്കാനായി പഴുത്ത പഴം എടുക്കാം. പച്ച പഴം പാകമാകാനായി സമയം എടുക്കുന്നത് കൊണ്ട് അത് വേറെ സൂക്ഷിക്കുക. ഉറച്ചതും തൊലിയില്‍ പാടുകള്‍ ഇല്ലാത്തതുമായ പഴം നോക്കി തിരഞ്ഞെടുക്കുക.
വാഴപ്പഴത്തിന്റെ തണ്ട് പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിയുന്നത് പഴുക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനായി സഹായിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ എഥിലീന്‍ വാതകം പുറത്തുവിടുന്നത് തടയാനും അതിലൂടെ പെട്ടെന്ന് പഴുക്കുന്നതും ഒഴിവാക്കാം.
വാഴപ്പഴം വളരെ കുറഞ്ഞ താപനിലയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ പഴം പഴുക്കുന്നതിന് മുമ്പായി ഫ്രിജില്‍ സൂക്ഷിക്കുന്നത് പഴത്തിന്റെ തൊലി കറക്കുന്നതിന് കാരണമാകും. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത എവിടെയെങ്കിലും സൂക്ഷിക്കുന്നതായിരിക്കും നല്ലത്. അടുപ്പ്, ജനലുകള്‍ എന്നിവയ്ക്ക് സമീപം സൂക്ഷിക്കുന്നത് ഒഴിവാക്കുക.
വാഴപ്പഴം പഴുക്കുന്നത് മന്ദഗതിയിലാക്കാനായി അനുയോജ്യമായ താപനിലയും ഈര്‍പ്പവും നിലനിര്‍ത്തി വാഴപ്പഴം സൂക്ഷിക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റോറേജ് ബാഗാണ് ബനാന ബാഗ്. ഇത് ഓണ്‍ലൈനില്‍ നിന്നും ലഭിക്കും. ഫ്രീസ് ചെയ്ത വാഴപ്പഴം സ്മൂത്തികള്‍ക്കും ബേക്കിംഗിനും ഐസ്‌ക്രീമിനും ഉപയോഗിക്കാവുന്നതാണ് . ഒരുപാട് വാഴപ്പഴം ബാക്കി വരുകയാണെങ്കില്‍ ചെറുതായി അരിഞ്ഞു വായു കടക്കാത്ത പാത്രത്തിലോ ഫ്രീസര്‍ ബാഗിലോ വെച്ച് ഫ്രീസറിൽ വെക്കാം. ഇത്തരത്തില്‍ മാസങ്ങളോളം സൂക്ഷിക്കാം.
ആപ്പിള്‍, അവോക്കാഡോ, തക്കാളി തുടങ്ങി എഥിലീന്‍ വാതകം പുറത്തുവിടുന്ന പഴങ്ങള്‍ക്ക് സമീപം വയ്ക്കുമ്പോള്‍ വാഴപ്പഴം വേഗത്തില്‍ പാകമാകുന്നു അതിനാല്‍ ഇവയുടെ കൂടെ വാഴപ്പഴം സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വാഴപ്പഴം ഒരു കൊളുത്തില്‍ തൂക്കിയിടുകയോ ഫ്രൂട്ട് ഹമ്മോക്കില്‍ വയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ പഴുക്കുന്ന പ്രക്രിയ സാവധാനത്തിലാകും.