Featured Good News

ഒരു അപകടമരണം പോലുമില്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നഗരം; നഗരപാലകര്‍ ചെയ്ത സൂത്രം ഇതായിരുന്നു…!

ഈ വര്‍ഷം അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവര്‍ സ്‌നേഹിച്ച ഒരാള്‍ അപകടത്തില്‍ മരിച്ചെന്ന് കേള്‍ക്കേണ്ടി വന്നില്ല. റോഡപകടങ്ങളുമായി ബന്ധപ്പെട്ട ഒരു മരണം പോലും റിപ്പോര്‍ട്ട്് ചെയ്യാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ലോകത്തെ തിരക്കേറിയ ഒരു നഗരം. നൂറുകണക്കിന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹെല്‍സിങ്കിയാണ് 12 മാസമായി ഈ നേട്ടം കൊയ്തത്.

നഗരത്തിലെ കൊണ്ടൂല ജില്ലയില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനുശേഷം ജൂലൈയില്‍ അവസാനിച്ച കഴിഞ്ഞ 12 മാസത്തിനിടെ, ഒരു ഗതാഗത മരണം പോലും ഉണ്ടായില്ല. കുറഞ്ഞ വേഗത പരിധി, പൊതുഗതാഗത മെച്ചപ്പെടുത്തലുകള്‍, മികച്ച തെരുവ് ആസൂത്രണം എന്നിവ ഉള്‍പ്പെടുന്ന ബഹുമുഖ സമീപനമാണ് നഗരത്തിന്റെയും താമസക്കാരുടെയും വിജയത്തിന് കാരണം. 1980-കളില്‍, നൂറുകണക്കിന് അപകടങ്ങളിലും കൂട്ടിയിടികളിലുമായി നഗരത്തില്‍ പ്രതിവര്‍ഷം ഏകദേശം 30 മരണങ്ങള്‍ ഉണ്ടായി. കാലക്രമേണ, തെരുവ് സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നഗര പാതകളിലെ വേഗത പരിധി 30 കിലോമീറ്ററില്‍ നിന്ന് 18 കി.മീ. ആയി കുറയ്ക്കുന്ന തിലേക്ക് നയിച്ചു. ഇത് നഗരത്തിന് വലിയ ഗുണകരമായി മാറി.

സുരക്ഷിതമായ സ്ഥലങ്ങളില്‍ മികച്ച സൈക്ലിംഗും കാല്‍നടക്കാര്‍ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തുന്നതിനായി പഴയ ഗ്രിഡ് ലേഔട്ടുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ഡാറ്റാധിഷ്ഠിത സമീപനം നഗര ആസൂത്രകരെ സഹായിച്ചു. കൂടുതല്‍ ട്രാഫിക് ക്യാമറകളും ഓട്ടോമേറ്റഡ് സ്പീഡ് ലിമിറ്റ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളും വിന്യസിച്ചതും ഗുണകരമായി. 2019-ലും ഹെല്‍സിങ്കി ഗതാഗതത്തില്‍ കാല്‍നടയാത്രക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നഗരത്തിന് ഭീഷണി ഉയര്‍ത്തി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വരവ് വേഗത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നത് ഒരു പ്രതിസന്ധിയായി മാറിയിട്ടുണ്ട്.