ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലുകളുടെ ആരോഗ്യം. ആരോഗ്യമുള്ള ഒരാള്‍ക്ക് ഉറപ്പുള്ള എല്ലുകളും വേണം. ചെറുപ്പത്തിലേ തന്നെ പലരേയും ബാധിയ്ക്കുന്ന ഒരു കാര്യമാണ് നടുവേദന പോലെയുള്ള കാര്യങ്ങള്‍. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തണം. എല്ലുകളുടെ ആരോഗ്യം കുറയ്ക്കുന്ന ഈ ഭക്ഷണങ്ങളെ കുറിച്ച് അറിയാം….
- ചുവന്ന ഇറച്ചി – ചുവന്ന ഇറച്ചി അമിതമായാല്‍ എല്ലുകള്‍ക്ക് കേടാണ്. ചെറിയ അളവില്‍ കഴിയ്ക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ. എന്നാല്‍ അളവ് കൂടിയാല്‍ ഇത് നമ്മുടെ ശരീരത്തിലെ ഫോസ്ഫറസ്-കാല്‍സ്യം ബാലന്‍സ് തെറ്റിയ്ക്കുന്നു ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നു. ഇത് കഴിയ്ക്കുമ്പോള്‍ ഒരു തവണ 90 ഗ്രാമില്‍ താഴെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം കഴിയ്ക്കാം. ഇതെല്ലാം ശ്രദ്ധിയ്ക്കുന്നതിലൂടെ ഭക്ഷണത്തിലൂടെ എല്ലുകളുടെ ബലം കുറയ്ക്കുന്നത് തടയാന്‍ സാധിയ്ക്കും.
- ഉപ്പ് അഥവാ സോഡിയം – എല്ലുകളുടെ ബലം കുറയ്ക്കാന്‍ ഉപ്പ് അഥവാ സോഡിയം കാരണമാകുന്നു. നാം കറിയില്‍ ചേര്‍ക്കുന്ന ഉപ്പ് മാത്രമല്ല, വാങ്ങുന്ന പല ഭക്ഷണങ്ങളിലും ഉപ്പ് കൂടുതലാണ്. ഇതുപോലെ പ്രോസസ് ചെയ്ത് വരുന്ന പല ഭക്ഷണങ്ങളിലും ഉപ്പുണ്ടാകും. നാം വാങ്ങുന്ന ബ്രെഡ് പോലുള്ള ഭക്ഷണ വസ്തുക്കളില്‍ പോലും ഉപ്പുണ്ടാകാറുണ്ട്. നമുക്ക് ദിവസവും 2.3 ഗ്രാം ഉപ്പ് മാത്രമേ ശരീരത്തില്‍ എത്താവൂ. എന്നാല്‍ പലപ്പോഴും 10 ഗ്രാം വരെ നാം ഉപ്പ് കഴിയ്ക്കാറുണ്ട്. നമ്മുടെ ശരീരത്തില്‍ ധാരാളം ഉപ്പെത്തുമ്പോള്‍ നമ്മുടെ ശരീരം ഇത് അരിച്ചു കളയും. എന്നാല്‍ ഇതിനൊപ്പം കാല്‍സ്യം കൂടി പോകും.
- കോള, സോഫ്റ്റ് ഡ്രിങ്ക്സ് – കോള, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയുണ്ട്. ഇതല്ലാതെ ഫോസ്ഫോറിക് ആസിഡ് എന്ന സംയുക്തവും ഇതിന് കാരണമാകുന്നു. ഫോസ്ഫോറിക് ആസിഡ് ഇത്തരം കോളയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പുറന്തളളുന്നതിനോടൊപ്പം കാല്‍സ്യവും പുറന്തള്ളപ്പെടുന്നു. ഇതിലൂടെ എല്ലുകളുടെ ആരോഗ്യത്തിന് കേടു വരുത്തും. അടുത്തത് കഫീന്‍ അടങ്ങിയ ഭക്ഷണമാണ്. ചായ, കാപ്പി, ചില ചോക്ലേറ്റുകള്‍ എന്നിവയില്‍ കഫീന്‍ ഉണ്ട്. ഇത് കൂടുതലാകുന്നത് എല്ലുകളുടെ ആരോഗ്യം കളയും. കഫീന്‍ നമ്മുടെ ഉള്ളില്‍ 100 മില്ലീഗ്രാം എത്തിയാല്‍ 6 മില്ലീഗ്രാം കാല്‍സ്യം ശരീരം പുറന്തള്ളാന്‍ ഇടയാക്കും. ഇതുപോലെ മദ്യം ശരീരത്തെ കാല്‍സ്യം വലിച്ചെടുക്കുന്നതിനെ തടയുന്നു. മഗ്‌നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും മദ്യം കാരണം ഇങ്ങനെ ശരീരം വലിച്ചെടുക്കുന്നത് തടയുകയും ചെയ്യുന്നു.
- പഞ്ചസാര – പഞ്ചസാര ഇതുപോലെ എല്ലുകളുടെ ആരോഗ്യം കളയുന്ന ഒന്നാണ്. കൃത്രിമധുരം അടങ്ങിയ ഏത് ഭക്ഷണവും ഇതിന് കാരണമാകുന്നു. പഞ്ചസാര കൂടുതല്‍ ശരീരത്തിലെത്തുമ്പോള്‍ ആമാശത്തില്‍ നിന്നും കാല്‍സ്യം ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്നത് തടയപ്പെടുന്നു, മാത്രമല്ല, വൃക്കയില്‍ നിന്നും കാല്‍സ്യം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടു തരത്തില്‍ ഇത് കേടു വരുത്തും. പഞ്ചസാര അസ്ഥിയുരുക്കും എന്നു പറയുന്നതിന്റെ കാരണം ഇതാണ്.