Featured Health

കൊളസ്‌ട്രോളിനെ വരുതിയില്‍ നിര്‍ത്താന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. വ്യായാമത്തോടൊപ്പം ഇനി പറയുന്ന ചില പാനീയങ്ങള്‍ കൂടി ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

സ്റ്റെറോളും സ്റ്റാനോളും അടങ്ങിയ പാനീയങ്ങള്‍ – കൊളസ്‌ട്രോളുമായി ഘടനാപരമായി സാദൃശ്യമുള്ള സസ്യാധിഷ്ഠിത സംയുക്തങ്ങളാണ് സ്റ്റെറോളും സ്റ്റാനോളും. ശരീരത്തില്‍ സ്വാംശീകരിക്കപ്പെടുന്ന ഇവ കൊളസ്‌ട്രോള്‍ പോലെ അടിഞ്ഞു കൂടില്ല. പകരം ശരീരത്തില്‍ നിന്ന് മാലിന്യമായി പുറന്തള്ളപ്പെടും. കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ ദിവസം കുറഞ്ഞത് രണ്ട് ഗ്രാം സ്റ്റെറോളും സ്റ്റാനോളും കഴിക്കേണ്ടതാണ്. സസ്യങ്ങളില്‍ ഇത് വലിയതോതില്‍ ഇല്ലാത്തതിനാല്‍ സ്റ്റെറോള്‍, സ്റ്റാനോള്‍ ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ഓട് മില്‍ക്ക് – ഓട്‌സില്‍ നിന്നുണ്ടാക്കുന്ന ഓട് മില്‍ക്കില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റ-ഗ്ലൂക്കനുകള്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഓട് മില്‍ക്കില്‍ 1.3 ഗ്രാം ബീറ്റ-ഗ്ലൂക്കന്‍ ഉണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ പ്രോട്ടീനും ഫൈബറും സാധാരണ പാലിനെ അപേക്ഷിച്ച് കൂടുതലാണ്. കൊളസ്‌ട്രോള്‍ പരിധിയില്‍ നിര്‍ത്താന്‍ ഒരു ദിവസം 3 ഗ്രാം ബീറ്റ ഗ്ലൂക്കനുകള്‍ കഴിക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു.

തക്കാളി ജ്യൂസ് – തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ ലിപിഡ് തോത് കൂട്ടുകയും ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ തോത് കുറയ്ക്കുകയും ചെയ്യും. തക്കാളി ജ്യൂസില്‍ ഉള്ള ഫൈബറും നിയാസിനും കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ സഹായകമാണ്. മറ്റ് ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തക്കാളി ജ്യൂസ് കഴിക്കാവുന്നതാണ്.

സോയ മില്‍ക്ക് – സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞയളവിലുള്ള സോയ മില്‍ക്കും കൊളസ്‌ട്രോള്‍ കുറയ്ക്കും. ഉയര്‍ന്ന കൊഴുപ്പുള്ള പാലുത്പന്നങ്ങള്‍ക്ക് പകരം സോയ മില്‍ക്ക് തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമാണ്. ഹൃദ്രോഗികള്‍ക്കും സോയ പ്രോട്ടീന്‍ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

ഗ്രീന്‍ ടീ – ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കറ്റേചിന്‍ എന്ന ആന്റി ഓക്‌സിഡന്റുകളും കൊളസ്‌ട്രോള്‍ തോത് കുറയ്ക്കും. ഒരു കപ്പ് ഗ്രീന്‍ ടീയില്‍ 50 മില്ലിഗ്രാമിലധികം കറ്റേചിനുകള്‍ അടങ്ങിയിരിക്കുന്നു. 12 ആഴ്ചത്തേക്ക് ഗ്രീന്‍ ടീ പതിവായി കുടിച്ച് കഴിഞ്ഞാല്‍ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ തോത് 16 ശതമാനം കുറയ്ക്കാന്‍ സാധിക്കും. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. നിത്യവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആരോഗ്യ പാനീയമാണ് ഗ്രീന്‍ ടീ.

കൊക്കോ പാനീയം – ഫ്‌ളാവനോയ്ഡുകള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ കൊക്കോയില്‍ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇതിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് മികച്ചതാണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പാലില്‍ ചേര്‍ത്ത് കൊക്കോ പാനീയം ഉണ്ടാക്കാം.