Health

മഞ്ഞപ്പിത്തം; ഒറ്റമൂലിക്കു പിന്നാലെ പോകരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും; മുന്നറിയിപ്പ്

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായി വാര്‍ത്തകളുണ്ട്. ഒപ്പം മഞ്ഞപ്പിത്തത്തിന് ഒറ്റമൂലി ചികിത്സകരും വര്‍ധിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചയാള്‍ ഒറ്റമൂലി മരുന്ന് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മുന്‍പും സമാനസംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഞ്ഞപ്പിത്തം മൂലം മരിച്ചവര്‍ പല ഒറ്റമൂലി മരുന്നുകളും പരീക്ഷിച്ചവരാണെന്ന് പിന്നീട് കണ്ടെത്തുന്നുണ്ട്. മതിയായ യോഗ്യതയില്ലാത്തവരാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്. അളവില്‍ക്കൂടുതല്‍ മരുന്നുകളാണ് പലരും നല്‍കുന്നത്. ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ച് നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ആരോഗ്യവിഭാഗം.

മഞ്ഞപ്പിത്തം ബാധിച്ചാല്‍ വേണ്ടത് പൂര്‍ണവിശ്രമവും നല്ല ഭക്ഷണവും മാത്രമാണ്. .01 ശതമാനം മാത്രമാണ് മഞ്ഞപ്പിത്തത്തിന്റെ മരണസാധ്യത. വിശ്രമവും നല്ല ഭക്ഷണവും നിരീക്ഷണവും മാത്രം ആവശ്യമുള്ള മഞ്ഞപ്പിത്തത്തിന് ഒറ്റമൂലിയെ ആശ്രയിക്കുന്നത് ആപത്കരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിരീക്ഷണസമയത്ത് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യവിദഗ്ധരുടെ പരിശോധനയ്ക്കുശേഷം അവരുടെ നിര്‍ദേശപ്രകാരം മരുന്നുകഴിച്ചാല്‍ മതിയാകും. ഇതിനാല്‍ അലോപ്പതിയില്‍ ചികിത്സ കുറവാണെന്നു ധരിച്ച് ഒറ്റമൂലി ചികിത്സയിലേക്കു പോകുന്നവരാണ് പിന്നീട് മരണത്തിനു കീഴടങ്ങുന്നതെന്നും വിദഗ്ദര്‍ പറയുന്നു.