മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുന്തിരിങ്ങയില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരങ്ങയിലെ റെസ്വെറാട്രോള്‍ എന്ന ആന്റിഓക്‌സിഡന്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളില്‍ നിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. നാച്വറല്‍ ഷുഗറും കലോറിയും മുന്തിരിങ്ങയില്‍ അധികമായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. മുന്തിരിങ്ങയില്‍ വിറ്റമിന്‍ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയും ഉണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഇവ സഹായിക്കും. മുന്തിരിങ്ങയുടെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം….
പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു – മുന്തിരിങ്ങയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. അണുബാധകളെ അകറ്റി ആരോഗ്യമേകുന്നു.
മെച്ചപ്പെട്ട ഹൃദയാരോഗ്യം – മുന്തിരിങ്ങയിലെ ആന്റിഓക്‌സിഡന്റുകളും പോളിഫിനോളുകളും കൊളസ്‌ട്രോളിന്റെ അളവും രക്തസമ്മര്‍ദവും കുറയ്ക്കുന്നു. ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ആന്റിഓക്‌സിഡന്റുകള്‍ – മുന്തിരിങ്ങയില്‍ ധാരാളമുള്ള ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളെ ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍നിന്നു സംരക്ഷിക്കുന്നു. ഇത് ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു – മുന്തിരിങ്ങയില്‍ ധാരാളം ജലാംശമുണ്ട്. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുന്തിരിങ്ങ.
ചര്‍മത്തിന്റെ ആരോഗ്യം – മുന്തിരിങ്ങയിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തെ ഓക്‌സീകരണ സമ്മര്‍ദത്തില്‍ നിന്നും പ്രായമാകലില്‍ നിന്നും സംരക്ഷിക്കും. മുന്തിരിങ്ങയില്‍ വിറ്റമിന്‍ ഇ ഉണ്ട്. ഇത് ചര്‍മത്തെ ആരോഗ്യമുള്ളതാക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യും.
സന്ധിവാതം അകറ്റുന്നു – മുന്തിരിങ്ങയിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. സന്ധിവാതം, ആസ്മ, ചിലയിനം കാന്‍സറുകള്‍ ഇവയില്‍നിന്ന് സംരക്ഷണം നല്‍കുന്നു.
കണ്ണിന്റെ ആരോഗ്യം – ല്യൂട്ടിന്‍, സീസാന്തിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ മുന്തിരിങ്ങയിലുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാര്‍ ഡീജനറേഷന്‍, തിമിരം തുടങ്ങിയവയെ തടയുന്നു.
മെച്ചപ്പെട്ട ഉറക്കം – മുന്തിരിങ്ങയില്‍ മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ഉണ്ട്. ഉറങ്ങാന്‍ പോകും മുന്‍പ് മുന്തിരിങ്ങ കഴിച്ചാല്‍ സുഖകരമായ ഉറക്കം ലഭിക്കും.
ഓര്‍മശക്തി മെച്ചപ്പെടുത്തും – റെസ്വെറാട്രോള്‍ ഉള്‍പ്പെടെയുള്ള പോഷകങ്ങള്‍ മുന്തിരിങ്ങയിലുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ബൗദ്ധിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നു. അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍നിന്ന് സംരക്ഷണമേകുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു – മുന്തിരിങ്ങയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് ദഹനത്തിനു സഹായിക്കുന്നു. മലബന്ധം അകറ്റുന്നു. മെച്ചപ്പെട്ട ഉദരാരോഗ്യം ഏകുന്നു.