നല്ല മീന്‍ മുളക് അരച്ച് മണ്‍ചട്ടിയില്‍ കറിവെക്കണം. പിറ്റേ ദിവസം അത് എടുത്ത് കഴിച്ചാല്‍ ഒരു പാത്രം ചോറുണ്ണാനായി മറ്റൊന്നും പിന്നെ വേണ്ട. ആരോഗ്യത്തിനും മണ്‍ചട്ടിയിലെ പാചകം നല്ലതാണ്. ഇതിൽ ഹാനികരമായ കെമിക്കലുകളില്ല. മണ്‍പാത്രങ്ങള്‍ സീസണ്‍ ചെയ്താണ് ഉപയോഗിക്കേണ്ടത്.
ഇതിനായി പുതിയതായി വാങ്ങിയ ചട്ടി ആദ്യം ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യ ദിവസം വെള്ളം ഒഴിച്ച് വെക്കണം. പിന്നീട് കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കണം. രണ്ട് ദിവസം കൂടി അത് ആവര്‍ത്തിക്കണം. നാലാമത്തെ ദിവസം കഴുകി ഉണക്കാം. ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. എണ്ണ ആഗിരണം ചെയ്ത് ഉണങ്ങുന്നത് വരെ 2-3 മണിക്കൂര്‍ വെയിലത്ത് ഉണക്കുക. പിന്നീട് ചട്ടി അടുപ്പത്ത് വച്ച് 1-2 ടേബിള്‍സ്പൂണ്‍ അരച്ച തേങ്ങ ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നത് വരെ വഴറ്റണം. കുറച്ച് മഞ്ഞള്‍പൊടി ഇട്ട് നിറയെ വെള്ളം ഒഴിക്കണം.
തിളപ്പിച്ചതിന് ശേഷം സ്റ്റൗ ഓഫാക്കി ചട്ടി വെയിലത്ത് ഉണക്കുക ഇനി നേരിട്ട് ഇത് ഉപയോഗിക്കാം. മണ്‍ചട്ടികളില്‍ പാകം ചെയ്യുന്നതിനായി ക്ഷമയും പരിശീലനവും വേണം. അത് ചൂടാകാനായി സമയമെടുക്കും. സ്റ്റൗ ഓഫാക്കിയതിന് ശേഷവും കറി തിളച്ച് മറിയുന്നത് കാണാം. ഇത് ഗ്യാസ് സ്റ്റൗവിലും ഉപയോഗിക്കാം.
വെജ് നോണ്‍ വെജ് എന്നിവയ്ക്ക് വ്യത്യസ്ത കളിമണ്‍ പാത്രങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ് നല്ലത്. ചട്ടി കഴികാനായി സോപ്പ് മെറ്റല്‍ സ്‌ക്രബ്ബര്‍ തുടങ്ങിയവ ഉപയോഗിക്കരുത്. ചകിരി ഉപയോഗിക്കാം. പാത്രം അമിതമായി ചൂടാക്കുന്നത് വിള്ളലുകള്‍ ഉണ്ടാക്കും. പാചകത്തിന് ശേഷം ഒറ്റയടിക്ക് ചട്ടിയിലേക്ക് തണുത്ത വെള്ളം ഒഴിക്കരുത്. ഇതും വിള്ളലുകള്‍ ഉണ്ടാക്കാം. അതിനാല്‍ തണുക്കാനായി കുറച്ച് കാത്തിരിക്കണം.