യുകെയിൽ നിന്ന് പുറത്തുവരുന്ന ഒരു സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സ്കൂളിലെ ഹെഡ് മാസ്റ്റർ സഹഅധ്യാപികന്റെ തലയിൽ സ്പാനർ കൊണ്ടടിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളാണിത്. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപെടുകയായിരുന്നു.
54 കാരനായ ആന്റണി ജോൺ ഫെൽട്ടൺ എന്ന വ്യക്തിയാണ് ഈ ക്രൂര കൃത്യത്തിന് പിന്നിൽ. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മാർച്ച് അഞ്ചിന് നീത്ത് പോർട്ട് ടാൽബോട്ടിലെ സെന്റ് ജോസഫ് റോമൻ കാത്തലിക് കോംപ്രിഹെൻസീവ് സ്കൂളിലാണ് സംഭവം നടന്നത്.
എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
വീഡിയോയുടെ തുടക്കത്തിൽ റിച്ചാർഡ് പൈക്ക് (51) എന്ന അധ്യാപകൻ ലാപ്‌ടോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഫെൽട്ടൺ പിന്നിൽ വന്ന് നിൽക്കുന്നതാണ് കാണുന്നത്. പിന്നീട് ജാക്കറ്റിൽ ഒളിപ്പിച്ച ഒരു സ്‌പാനർ പുറത്തെടുത്ത് പൈക്കിന്റെ തലക്കിട്ട് അടിക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ പൈക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈക്കിന് ഫെൽട്ടൺ സ്നേഹിച്ചിരുന്ന അധ്യാപികയോട് അടുപ്പമുണ്ടായിരുന്നു എന്നും അതാണ് ക്രൂരകൃത്യം ചെയ്യാൻ ഫെൽട്ടന് പ്രേരണയായതെന്നും പ്രോസിക്യൂഷൻ പറഞ്ഞതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു.
അതേസമയം, അമ്മയുടെ മരണവും ക്യാൻസർ രോഗനിർണയവും പ്രതിയെ വേദനിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ അസൂയ കൊണ്ടാണ് ഫെൽട്ടൺ പൈക്കിനെ ആക്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു. പ്രതിക്ക് രണ്ട് വർഷവും നാല് മാസവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.